തിരുവനന്തപുരം: സഹോദരിയുടെ എട്ട് വയസ്സുകാരിയായ മകളെ നിരന്തരം ലെെംഗിക പീഡനത്തിന് ഇരയാക്കിയ ഭിന്നശേഷിക്കാരനായ യുവാവിന് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പഴിയും വിധിച്ച് കോടതി. വിവിധ വകുപ്പുകളിലായാണ് 40 വർഷം കഠിന തടവിന് പ്രതിയെ കോടതി ശിക്ഷിച്ചത്. പോക്‌സോ കോടതി ജഡ്ജി എംപി ഷിബുവാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
അമ്മൂമ്മയോടുമൊപ്പമാണ് കുടുംബ വീട്ടിൽ താമസിച്ചു വന്ന പെണ്‍കുട്ടിയെ ഇവിടെ വച്ചാണ് പ്രതി നിരന്തരം ലെെംഗിക പീഡനത്തിന് ഇരയാക്കിയത്. എല്ലാ ശനിയാഴ്ചയും കുടുംബ വീട്ടിൽ വരാറുണ്ടായിരുന്ന പ്രതി ഈ സമയമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്.
പീഡനം മൂലം കുഞ്ഞ് മനസികമായി വലിയ ബുദ്ധിമുട്ടിലായിരുന്ന കുട്ടി തന്റെ സ്കൂളിൽ വച്ച് കൂട്ടുകാരിക്ക് ഇത് സംബന്ധിച്ചുള്ള സൂചനകൾ നല്കുകയായിരുന്നു. ശനിയാഴ്ചകളിൽ തനിക്ക് വീട്ടിൽ നിൽക്കുവാൻ പേടിയാണെന്ന് തൻ്റെ കൂട്ടുകാരിയോടു കുട്ടി പറഞ്ഞിരുന്നു. ഇക്കാര്യം കൂട്ടുകാരി തൻ്റെ ടീച്ചറെ അറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ വിളിച്ച് ടീച്ചർ കാര്യങ്ങൾ ചോദിച്ചതോടെയാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങള്‍ പുറത്ത് വന്നത്. ഇതേ തുടർന്ന് ടീച്ചർ സ്കൂൾ അധികൃതരെ കാര്യങ്ങള്‍ അറിയിക്കുകയും സ്കൂൾ അധികൃതർ ഇക്കാര്യം പൊലീസിനെ അറിയിക്കുകയുമായിരുന്നു.
സ്കൂളിൽ നിന്നുള്ള പരാതി എത്തിക്കഴിഞ്ഞതോടെ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റു ചെയ്തു. എന്നാൽ വിചാരവേളയിൽ കുട്ടിയുടെ അമ്മയും അമ്മൂമ്മയും കൂറുമാറി പ്രതിക്കൊപ്പം ചേർന്നത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അവർ പ്രതിക്ക് അനുകൂലമായാണ് മൊഴി നൽകിയത്. അതേസമയം തന്നെ മാമൻ പീഡിപ്പിച്ചിരുന്ന എന്ന കാര്യത്തിൽ കുട്ടി ഉറച്ചു നിന്നതോടെ കോടതി ഇക്കാര്യത്തിൽ കടുത്ത തീരുമാനമെടുക്കുകയായിരുന്നു.
താൻ 50 ശതമാനം ഭിന്ന ശേഷിക്കാരനാണെന്ന രേഖ പ്രതി കോടതിയിൽ ഹാജരാക്കിയിരുന്നു. മാത്രമല്ല തൻ്റെ ഭാര്യ ഭിന്നശേഷിക്കാരിയാണെന്ന രേഖയും പ്രതി ഹാജരാക്കി. എന്നാൽ ഇതൊന്നും ഈ ക്രൂരതയ്ക്കുള്ള ന്യായീകരണമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ശിക്ഷാ ഇളവിന് ഇക്കാര്യങ്ങളൊന്നും കോടതി പരിഗണിച്ചില്ല. രൂക്ഷമായ പ്രസ്താവനകളോടെയാണ് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചതും.
കുട്ടി ഇപ്പോൾ സർക്കാരിൻ്റെ സംരക്ഷണയിലാണ് കഴിയുന്നത്. കുട്ടിക്ക് സർക്കാർ ധനസഹായനിധിയിൽ നിന്ന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെകെഅജിത് പ്രസാദാണ് കോടതിയിൽ ഹാജരായത്.
Post Your Comments