തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പ്രവേശന കവാടങ്ങളിൽ മുഴുവൻ സമയവും സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കാൻ തീരുമാനം. പ്ലാന്റിലേക്ക് വരികയും പോകുകയും ചെയ്യുന്ന വാഹനങ്ങളുടെ നമ്പർ സമയം ഡ്രൈവറുടെ പേര് ഫോൺ നമ്പർ ലൈസൻസ് നമ്പർ എന്നിവ സെക്യൂരിറ്റി ജീവനക്കാർ കൃത്യമായി രേഖപ്പെടുത്തണം. തീപിടിത്തത്തെ തുടർന്ന് രൂപീകരിച്ച എംപവേഡ് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം.
Read Also: എരിവുള്ള ഭക്ഷണങ്ങൾ അധികം കഴിക്കരുത്, കാരണം ഇതാണ്
പ്രവേശന കവാടങ്ങളിൽ സെക്യൂരിറ്റി ക്യാബിനുകൾ സജ്ജീകരിക്കണം. കോർപ്പറേഷനാണ് സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കാനുള്ള ചുമതല. പ്ലാന്റിന്റെ നിശ്ചിത സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും കേന്ദ്രീകൃത കൺട്രോൾ റൂമിൽ നിന്ന് അഗ്നിബാധ ഉണ്ടാകുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയും ചെയ്യണം. അഗ്നിബാധ അണയ്ക്കുന്നതിന് അത്യാധുനിക ഉപകരണങ്ങൾ മാലിന്യ പ്ലാന്റിൽ സൂക്ഷിക്കണം. പ്ലാന്റ് സെക്ടറുകളായി തിരിച്ച് നിരീക്ഷിക്കുന്നതിന് വാച്ച് ടവറുകൾ, വാട്ടർ മോണിറ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണം. കോർപ്പറേഷന്റെ നേതൃത്വത്തിൽ മുഴുവൻ സമയവും ഫയർ വാച്ചർമാരെ നിയോഗിക്കാനും പ്ലാന്റിലും സമീപപ്രദേശങ്ങളിലും പോലീസ് പട്രോളിംഗ് ശക്തമാക്കാനും തീരുമാനിച്ചു.
മാലിന്യക്കൂമ്പാരങ്ങളുടെ ഉയരം ക്രമപ്പെടുത്തണം. അഗ്നിശമന വാഹനങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കും വിധം 10 മീറ്റർ അകലത്തിൽ കൂമ്പാരങ്ങൾ തമ്മിലുള്ള അകലം ക്രമീകരിക്കണം. വേനൽക്കാലം കഴിയുംവരെ മാലിന്യ കൂനകൾ മുഴുവൻ സമയവും നനച്ച് നിർത്തണം. മാലിന്യ പ്ലാന്റിലേക്കുള്ള എല്ലാ റോഡുകളും അഗ്നിശമന വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന രീതിയിൽ നവീകരിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. പ്ലാന്റിൽ ജോലിക്ക് നിയോഗിക്കുന്നവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും, ജീവൻ രക്ഷാ മരുന്നുകൾ മുതലായവ സൈറ്റിൽ കരുതണമെന്നും യോഗം നിർദ്ദേശിച്ചു.
ഓൺലൈനായി ചേർന്ന യോഗത്തിൽ ദുരന്തനിവാരണ കമ്മീഷണർ ടി വി അനുപമ, കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് സി ഇ ഒ എസ് ഷാനവാസ്, ഫോർട്ട് കൊച്ചി സബ് കളക്ടർ, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ, ജില്ല റൂറൽ ഡിസ്ട്രിക്ട് പോലീസ് ചീഫ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി, എറണാകുളം റീജയണൽ ഫയർ ഓഫീസർ, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ, ആരോഗ്യ വിഭാഗം മെഡിക്കൽ ഓഫീസർ, ഫിനാൻസ് ഓഫീസർ, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് എൻവിയോൺമെന്റൽ എൻജിനീയർ, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എന്നീ എംപവേഡ് കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Post Your Comments