വർക്കല: കേരളത്തെ ഞെട്ടിച്ച വർക്കല സംഗീത കൊലപാതകത്തിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രണയത്തിൽ നിന്നും പിൻമാറിയതിലുള്ള പകയാണ് സംഗീതയെ കൊലപ്പെടുത്താൻ കാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 2022 ഡിസംബർ 28 ന് പുലർച്ചെയായിരുന്നു കൊലപാതകം. വർക്കല വടശ്ശേരിക്കോണം തെറ്റിക്കുളം യു പി സ്കൂളിന് സമീപം കുളക്കോടുപൊയ്ക പോലീസ് റോഡിൽ , സംഗീത നിവാസിൽ, 16 കാരിയായ സംഗീതയെ കാമുകൻ ഗോപു കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
ഐപിസി 302 കൊലക്കുറ്റം ചുമത്തിയാണ് പ്രതി ഗോപുവിനെതിരെ പൊലീസ് എഫ്ഐആർ തയ്യാറാക്കിയത്. അന്വേഷണത്തിനും തെളിവ് ശേഖരണത്തിനുമായി മുന്നു ദിവസത്തേക്ക് ഇക്കഴിഞ്ഞ ജനുവരി ഏഴിന് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. എൻപതോളം സാക്ഷികളെ ഉൾപ്പെടുത്തിയാണ് വർക്കല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
തന്നെ പ്രണയിച്ച് വഞ്ചിക്കുകയും ഇനി പ്രണയത്തിൻ്റെ പേരിൽ അവൾ ആരേയും വഞ്ചിക്കരുതെന്നുള്ള വാശിയുമാണ് വർക്കലയിൽ സംഗീതയെ കൊലപ്പെടുത്താൻ കാരണമെന്ന് അറസ്റ്റിലായ സമയത്ത് പ്രതി ഗോപു വ്യക്തമാക്കിയിരുന്നു. മാസങ്ങളോളം താനുമായി പ്രണയത്തിലായിരുന്ന സംഗീത പെട്ടന്നൊരു ദിവസം പ്രണയത്തിൽ നിന്നും പിന്മാറിയെന്നും, ഇതോടെ സംഗീതയോടുള്ള വാശി കൂടിയെന്നും പ്രണയത്തിൻ്റെ പേരിൽ ഇനി അവൾ ആരെയും ചതിക്കരുതെന്നു കരുതിയാണ് കൊലപാതകം നടത്തിയതെന്നുമാണ് ഗോപു കുറ്റബോധമേതുമില്ലാതെ പോലീസിനോട് പറഞ്ഞത്.
തെളിവെടുപ്പിനിടെ നിറചിരിയോടെയായിരുന്നു ഗോപുവിന്റെ പെരുമാറ്റം. കൊലപാതകം നടത്തിയതെങ്ങനെയെന്ന് വിശദീകരിച്ചപ്പോഴൊന്നും ഇയാളുടെ മുഖത്ത് കുറ്റബോധത്തിന്റെയോ നിരാശയുടെയോ കണിക തീരെയില്ലായിരുന്നു. അനുജത്തിക്കൊപ്പം വീട്ടിൽ ഉറങ്ങുകയായിരുന്ന സംഗീതയെ അഖിൽ വ്യജപേരിൽ സൗഹൃദം സ്ഥാപിച്ച ഗോപു ഫോണിൽ വിളിച്ചു പുറത്തേയ്ക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. ഇറങ്ങിവന്ന സംഗീതയെ ഗോപു കത്തികൊണ്ട് കുത്തുകയായിരുന്നു. കഴുത്തറുത്ത പ്രതി ഇവിടുന്ന് ഓടിരക്ഷപ്പെട്ടു. ബഹളം കേട്ട് ഉണർന്ന് എത്തിയ അച്ഛനും അമ്മയും രക്തത്തിൽ കുളിച്ചു കിടക്കുന്ന സംഗീതയെ ആണ് കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കൃത്യം നടത്തി മണിക്കൂറുകൾക്കുള്ളിൽ ഗോപുവിനെ പോലീസ് പിടികൂടിയിരുന്നു.
Post Your Comments