Latest NewsKeralaNews

തൃപ്പൂണിത്തുറ കസ്റ്റഡിമരണം: ജില്ലാക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും, പ്രതിഷേധം ശക്തമാക്കി നാട്ടുകാർ

കൊച്ചി: തൃപ്പൂണിത്തുറ കസ്റ്റഡി മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും. മനോഹരൻ സ്റ്റേഷനിൽ കുഴഞ്ഞ് വീഴുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇതോടെ, പോലീസ് സ്റ്റേഷന് മുന്നിൽ നാട്ടുകാരുടെയും രാഷ്ട്രീയപാർട്ടികളുടെയും പ്രതിഷേധം ശക്തമായി. പോലീസ് സ്റ്റേഷനും റോഡും ഉപരോധിച്ചാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്.

വാഹന പരിശോധന നടത്തിയ യൂണിറ്റിലെ മുഴുവൻ ഉദ്യോഗസ്ഥർക്ക് എതിരേയും നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞദിവസം രാത്രി മനോഹരന്റെ മരണവിവരമറിഞ്ഞതിന് പിന്നാലെയും നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് പുലർച്ചെ രണ്ടുമണിയോടെ പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാർ പിരിഞ്ഞുപോയത്. എന്നാൽ എസ്ഐക്ക് എതിരേ മാത്രം നടപടി ഒതുങ്ങിയതോടെ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആദ്യം പോലീസ് സ്റ്റേഷൻ ഉപരോധിച്ചത്. പിന്നാലെ നാട്ടുകാരും സംഘടിച്ചെത്തി. ഇതിനുപുറമേ ബിജെപി പ്രവർത്തകരും പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

അതേസമയം, സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇരുമ്പനം കർഷക കോളനിയിൽ ചാത്തൻവേലിൽ രഘുവരന്റെ മകൻ മനോഹരൻ (52) ആണ് തൃപ്പൂണിത്തുറ ഹിൽപ്പാലസ് പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണ് മരിച്ചത്. വാഹന പരിശോധനക്കിടെ ശനിയാഴ്ച രാത്രി 8.45 ഓടെ ഇരുമ്പനം കർഷക കോളനി ഭാഗത്തുവെച്ചാണ് മനോഹരനെ കസ്റ്റഡിയിലെടുത്തത്. ജീപ്പിൽ സ്റ്റേഷനിലെത്തിച്ച ശേഷം മനോഹരൻ കുഴഞ്ഞുവീണെന്നാണ് പോലീസ് പറയുന്നത്. ഉടൻ പോലീസ് ജീപ്പിൽ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ എത്തിച്ചു. തുടർന്ന് ആംബുലൻസിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മനോഹരൻ മരിച്ച നിലയിലായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button