ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിലെ നന്ദുവിന്റെ മരണത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതായി ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവ്. കേസ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷിക്കുമെന്ന് എസ്.പി വ്യക്തമാക്കി. നന്ദുവിന്റെ മരണത്തെ ചൊല്ലി വിവാദം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് നന്ദുവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടിയപ്പോൾ ട്രെയിൻ തട്ടി മരിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. നന്ദുവിന് മർദ്ദനമേറ്റിരുന്നതായി പോലീസ് സ്ഥിരീകരിച്ചിരുന്നു.
നന്ദുവിനെ മർദ്ദിച്ച സംഭവത്തിൽ എട്ട് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നിധിൻ തോമസ്, സുമേഷ്, വിഷ്ണു പ്രസാദ്, ഇക്രു, മുന്ന, ഫൈസൽ, സജീവൻ, റോബിൻ എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. പ്രതികളിൽ മുന്ന, ഫൈസൽ എന്നിവർ ചേർന്ന് നന്ദുവിനെ മർദിച്ചെന്നാണ് പോലീസിന്റെ എഫ്.ഐ.ആറിലുള്ളത്.
Post Your Comments