Life Style

സ്ത്രീകളിലെ ഹാര്‍ട്ട് അറ്റാക്ക്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പുരുഷന്‍മാരില്‍ മാത്രമല്ല സ്ത്രീകളിലും ഹൃദയ സംബന്ധമായ രോഗങ്ങള്‍ കൂടിവരികയാണ്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 15നും 49നും ഇടയിലുള്ള സ്ത്രീകളില്‍ കൃത്യസമയത്ത് കണ്ടുപിടിക്കപ്പെടാത്ത രക്തസമ്മര്‍ദ്ദത്തിന്റെ വ്യാപനം ഇന്ത്യയില്‍ 18.69% ആണെന്നാണ്.

സ്ത്രീകളില്‍ ഹൃദ്രോഗം അറിയപ്പെടാതെ പോകാന്‍ കാരണമെന്ത്?

സ്ത്രീകള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യത്തിനാണ് എപ്പോഴും പ്രാധാന്യം നല്‍കുന്നത്. ഈ അവസരത്തില്‍ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാന്‍ സ്ത്രീകളില്‍ ഭൂരിഭാഗം പേരും തയ്യാറാകില്ല. ചെറിയൊരു നെഞ്ച് വേദന വന്നാലും അവയെ മാറ്റിവെച്ച് വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നതിലാകും അവരുടെ ശ്രദ്ധ. സ്വന്തം കാര്യം നോക്കുന്നതിനെക്കാള്‍ പ്രാധാന്യം സ്ത്രീകള്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നല്‍കണമെന്ന പുരുഷാധിപത്യ സമൂഹത്തിലെ കാഴ്ചപ്പാട് ആണ് ഇതിനെല്ലാം കാരണം.

ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങള്‍ സ്ത്രീകളിലും പുരുഷന്‍മാരിലും വ്യത്യസ്തമായ രീതിയിലായിരിക്കും. അവസാന നിമിഷത്തില്‍ തങ്ങള്‍ക്ക് ഇതിനുമുമ്പ് ഹാര്‍ട്ട് അറ്റാക്ക് അനുഭവപ്പെട്ടിട്ടുണ്ടോ എന്ന് പോലും അറിയാതെയായിരിക്കും സ്ത്രീകള്‍ ഡോക്ടര്‍മാരെ സമീപിപ്പിക്കുക. ആ അവസരത്തില്‍ ഒന്നോ രണ്ടോ മൈല്‍ഡ് അറ്റാക്ക് വരെ അവര്‍ക്ക് സംഭവിച്ചിട്ടുണ്ടാകും. ഇതൊന്നുമറിയാതെയാണ് ഭൂരിഭാഗം സ്ത്രീകളും വൈദ്യപരിശോധനയ്ക്കായി എത്തുന്നത്.

പുരുഷന്‍മാരില്‍ സാധാരണയായി അസഹ്യമായ നെഞ്ച് വേദനയും തളര്‍ച്ചയോടും കൂടിയാണ് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നത്. എന്നാല്‍ സ്ത്രീകളില്‍ ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങള്‍ വളരെ ലഘുവായിരിക്കും. ചെറിയ നെഞ്ച് വേദന മാത്രമേ അവര്‍ക്ക് അനുഭവപ്പെടാറുള്ളു. താടിയെല്ലിലെ വേദന, ക്ഷീണം, നെഞ്ചെരിച്ചില്‍, കഴുത്തിലെയും മുതുകിലേയും വേദന എന്നിവയായിരിക്കും സ്ത്രീകളിലെ ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണമുള്ളവര്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.

ഏത് പ്രായത്തിലെ സ്ത്രീകളാണ് കൂടുതല്‍ ജാഗ്രതരാകേണ്ടത്?

45 -55 വയസ്സിനടുത്ത് പ്രായമുള്ള സ്ത്രീകളില്‍ ഹാര്‍ട്ട് അറ്റാക്ക് സാധ്യത വളരെ കൂടുതലാണ്. ഇവരില്‍ ആര്‍ത്തവവിരാമത്തിന് ശേഷം ശരീരത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് കുറയും. കൂടാതെ ജോലി, കുടുംബം എന്നിവയിലെ സമ്മര്‍ദ്ദം, ഏകാന്തത, വ്യായാമം ഇല്ലാത്ത അവസ്ഥ എന്നിവയെല്ലാം ഹാര്‍ട്ട് അറ്റാക്ക് സാധ്യത വര്‍ധിപ്പിക്കുന്നു. മാത്രമല്ല ഈ പ്രായത്തില്‍ പെട്ട പല സ്ത്രീകളും രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കാറുമില്ല.

രണ്ടാമത്തെ വിഭാഗം 60 വയസ്സിന് മുകളിലുള്ള സ്ത്രീകളാണ്. ഉയര്‍ന്ന കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, പുകവലി, ജീവിതശൈലി പ്രശ്നങ്ങള്‍, പ്രമേഹം എന്നിവയെല്ലാം ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button