ഇരിട്ടി: കാട്ടുതേനീച്ചയുടെ കുത്തേറ്റ് എസ്.എസ്.എൽ.സി വിദ്യാർത്ഥി ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. അങ്ങാടിക്കടവ് സ്കൂളിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥി സ്വർണ്ണപ്പള്ളി ഹൗസിൽ ആൽബിൻ ജോർജ്, അങ്ങാടിക്കടവ് വിൻസെന്റ് ഡീപോൾ സൊസൈറ്റി ആംബുലൻസിന്റെ ഡ്രൈവർ ഷിജു മാത്യു, പീടികയിൽ ഔസേപ്പച്ചൻ, ഔസേപ്പച്ചന്റെ മകൻ എന്നിവർക്കാണ് കുത്തേറ്റത്. ആൽബിൻ ജോർജിന് പരീക്ഷയെഴുതാനായില്ല.
അങ്ങാടിക്കടവിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അങ്ങാടിക്കടവ് ഹയർസെക്കൻഡറി സ്കൂളിലേക്ക് പോകുന്ന വഴിയിൽ തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി വന്നപ്പോഴാണ് ആംബുലൻസിന്റെ ഡ്രൈവർ ഷിജു മാത്യുവിനെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. ആംബുലൻസിൽനിന്ന് പുറത്തിറങ്ങിയ ഉടൻ തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നുവെന്ന് ഷിജു പറഞ്ഞു. ഓടി ആംബുലൻസിൽ തിരികെ കയറിയെങ്കിലും ആംബുലൻസിനകത്തുവെച്ചും കുത്തേറ്റു.
തുടർന്ന്, ആംബുലൻസ് ചുമതലക്കാരൻ കൂടിയായ സിബി പിഡിയേക്കൽ സ്ഥലത്തെത്തിയാണ് ഇതേ ആംബുലൻസിൽ ആൽബിനെയും ഷിജുവിനെയും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
മുഖമാസകലം കുത്തേറ്റ് അബോധാവസ്ഥയിലായ ആൽബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ തീവ്ര പരിചരണ വിഭാഗത്തിലാണ് ആൽബിൻ.
Post Your Comments