കായംകുളം: പ്രവാസിയായ ബൈജുവിന്റെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയിൽ രണ്ടു ചേരിയായി ചർച്ചകൾ നടക്കുകയാണ്. ബൈജുവിന്റെ ഭാഗത്താണ് ന്യായമെന്ന് ഒരു കൂട്ടർ പറയുമ്പോൾ, അതല്ല ഭാര്യയുടെ ഭാഗമാണ് ശരിയെന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്. ഇതിനിടെ ഭാര്യയുടെ അവിഹിതം കൊണ്ടൊന്നുമല്ല പകരം ഭാര്യ പ്രായമായ മാതാപിതാക്കൾക്കും ബൈജുവിനുമെതിരെ ജാമ്യമില്ലാ കേസ് നൽകിയതിനാൽ ആണ് ആത്മഹത്യയെന്ന ആരോപണവുമായി ഒരു സംഘടനാ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ അനഘ എന്ന യുവതി പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു.
അനഘ ജയന്റെ വൈറൽ കുറിപ്പ്:
നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾക്കുള്ള റിലേഷൻഷിപ്പ് സുഗമമായി മുന്നോട്ട് പോകാൻ നിങ്ങൾ എന്താണ് ചെയ്യുന്നത്? ഇത് വായിക്കുമ്പോൾ ചിലരെങ്കിലും മനസ്സിലോർക്കും: ‘അതിന് ഞാൻ മാരീഡ് അല്ലേ..’ അതുകൊണ്ട്? നമുക്കാർക്കും ‘lifelong’ ആയ ഒരു ബന്ധവുമില്ല – രക്തബന്ധങ്ങൾ പോലും. ഒരു വ്യക്തിക്ക് ജീവിതത്തിൽ ഉടനീളം അയാൾ മാത്രമേ ഉണ്ടായിരിക്കൂ. ജീവിതത്തിൽ ഉടനീളം നിങ്ങൾക്കൊപ്പം നിൽക്കാൻ, നിങ്ങൾ എന്ത് കാണിച്ചാലും അതെല്ലാം സഹിച്ച് നിങ്ങളെ മാനേജ് ചെയ്യാൻ ആരും ബാധ്യസ്ഥരല്ല – അത് പങ്കാളി ആയാലും മാതാപിതാക്കൾ ആയാലും. നിങ്ങൾക്ക് ഒരു ബന്ധം നിലനിൽക്കണം എന്നുണ്ടെങ്കിൽ ആ ബന്ധത്തിൽ ഉൾപ്പെട്ട മറ്റേ വ്യക്തിയുടെ emotional needsനെ തൃപ്തിപ്പെടുത്താൻ നിങ്ങൾക്ക് കഴിയണം. അല്ലാത്ത പക്ഷം ആ ബന്ധത്തിൽ നിന്ന് മാന്യമായി ഒഴിഞ്ഞുപോകാൻ പങ്കാളിക്ക് അനുവാദം നൽകണം. Emotional blackmailing, Suspicion, Stress, Fear എന്നിവ കൊണ്ട് നിങ്ങൾ നിലനിർത്താൻ ശ്രമിക്കുന്ന എല്ലാ ബന്ധങ്ങളും ഇന്നല്ലെങ്കിൽ നാളെ ഇല്ലാതാകും.
ഭാര്യയ്ക്കൊരു പ്രണയം ഉണ്ടെന്നറിഞ്ഞ് ആത്മഹത്യ ചെയ്ത പുരുഷന്റെ വീഡിയോ കണ്ടു. ആ വീഡിയോ കണ്ടിട്ട് അയാളെ പാടെ കുറ്റപ്പെടുത്താൻ എനിക്ക് തോന്നുന്നില്ല. അയാളോട് എനിക്ക് അതിയായ സഹതാപം ഉണ്ട്, അയാളെപ്പോലുള്ള ഭർത്താക്കന്മാരെ സൃഷ്ടിക്കുന്ന സമൂഹത്തോടും. ആ വീഡിയോവിൽ ഉള്ള സ്ത്രീ ആവർത്തിച്ചുപറയുന്ന ഒരു കാര്യമുണ്ട്: ‘പേടിച്ചിട്ടാണ്, എന്നെ എപ്പോഴും വഴക്ക് പറഞ്ഞിട്ടല്ലേ’ എന്ന്. നമ്മുടെ നാട്ടിൽ പൊതുവെയുള്ള പ്രവണതയാണ്, പുറത്ത് പോയി അധ്വാനിച്ച് കുടുംബം നോക്കുന്നു എന്നൊരൊറ്റ കാരണത്താൽ പുരുഷന്മാർ വീട്ടുകാരുടെ ബോസ് ആകാൻ ശ്രമിക്കുന്നത്. നിങ്ങൾ നിങ്ങളുടെ പ്രൊഫഷനും കരിയറിനും കൊടുക്കുന്ന അതേ പ്രാധാന്യം കുടുംബത്തിന് കൊടുക്കുന്നുണ്ടെങ്കിൽ കരിയർ നന്നാക്കാൻ എടുക്കുന്ന എഫർട്ടിന്റെ പകുതിയെങ്കിലും കുടുംബബന്ധങ്ങൾ നിലനിർത്താനും എടുക്കണം. എന്ത് കാട്ടിയാലും കുടുംബം കൂടെ നിന്നോളും എന്ന ആത്മവിശ്വാസം ഉണ്ടെങ്കിൽ അത് ഇവിടെ ഉപേക്ഷിച്ചോളൂ. നിങ്ങളുടെ വഴക്കും ചീത്തയും abuse-um സഹിക്കാൻ നിങ്ങളുടെ മക്കൾക്ക് പോലും താത്പര്യമില്ല.
ആ സ്ത്രീ അത്രനാൾ അയാളെ ഉപേക്ഷിച്ച് പോകാതിരുന്നത് അവർ തന്നെ പറഞ്ഞതുപോലെ ഭയം കൊണ്ടായിരിക്കാം. സമൂഹം എന്ത് പറയും, കുടുംബം എന്ത് പറയും, അയാൾ തന്നെ എങ്ങനെ റിയാക്റ്റ് ചെയ്യും, കുഞ്ഞിന്റെ ഭാവി, വിദേശത്തെ ജീവിതം.. എന്തായാലും ആ തോടുകളെല്ലാം പൊട്ടിച്ച് ആ സ്ത്രീ കുഞ്ഞിനെയും കൊണ്ട് നാട്ടിലെത്തി, അതിന് അവരുടെ കുടുംബം കൂടെ നിന്നു എന്നറിയുന്നതിൽ സന്തോഷം.
ഇനിയുള്ള പെണ്ണുങ്ങളെങ്കിലും ഇങ്ങനെ ചെയ്യാതിരിക്കട്ടെ – എങ്ങനെ? – emotional abuse ഭയന്ന് toxic marriage-ൽ പ്രണയം അടക്കിവച്ച് പേടിച്ച് കഴിയാതിരിക്കട്ടെ. ഒരാളോട് ആത്മാർഥമായി പ്രണയം തോന്നിയെങ്കിൽ അത് ‘ദൈവത്തെ ഓർത്ത് മറക്കാൻ ശ്രമിക്കാതെ’ ഇഷ്ടമില്ലാത്ത ബന്ധത്തിൽ നിന്ന് പുറത്ത് വന്ന് ഇഷ്ടം പോലെ ജീവിക്കാറാകട്ടെ. ഇത് വായിക്കുന്ന പുരുഷന്മാർ ആത്മഹത്യ ചെയ്ത പുരുഷനെ പോലെ ‘ഞാൻ ഭർത്താവ് ആയതുകൊണ്ട് നീ എന്നോടൊപ്പം നിൽക്കണം, എന്നെ മാത്രമേ പ്രണയിക്കാവൂ’ എന്ന് നിയമം പറയാതെ നിങ്ങളെ പ്രണയിക്കാനുള്ള കാരണങ്ങൾ പങ്കാളികൾക്ക് ഉണ്ടാക്കിക്കൊടുക്കൂ. വളമിടാതെ, വെള്ളമൊഴിക്കാതെ ഒരു ചെടിയും കായ തരില്ല. അതുപോലെ തന്നെ ബന്ധങ്ങളും.
(ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന സ്ത്രീയുടെ active affair-നെ പ്രണയം എന്നും ആത്മഹത്യ ചെയ്തയാളുമായുള്ള ബന്ധത്തെ വെറും marriage എന്നും വിളിച്ചിരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ച് കാണുമല്ലോ.)
Post Your Comments