കൊച്ചിയില്‍ മുസ്ലീംങ്ങള്‍ക്ക് വാടക വീടുകള്‍ അന്യമാകുന്നുവെന്ന എഴുത്തുകാരനായ ഷാജി കുമാറിന്റെ വെളിപ്പെടുത്തൽ വൻ വിവാദങ്ങൾക്കാണ് തിരി കൊളുത്തിയത്. പിന്നാലെ ഷാജിക്ക് മറുപടിയുമായി എക്‌സ് മുസ്ലീമും, പ്രഭാഷകനുമായ ആരിഫ് ഹുസൈന്‍ തെരുവത്ത് രംഗത്ത്. മുസ്ലീം ആയവര്‍ക്ക് മാത്രം കൊച്ചിയില്‍ വീടുകൊടുക്കുന്നവര്‍ ഉണ്ടെന്നും പറയുമ്പോൾ എല്ലാം പറയണമെന്നും ആരിഫ് ഹുസൈന്‍ തന്റെ ഫേസ്‌ബുക്കിൽ കുറിച്ച പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
കളമശ്ശേരിയില്‍ ഒരു വീട് നോക്കാന്‍ പോയപ്പോള്‍, ബ്രോക്കര്‍, ഷാജി എന്ന പേര് കേട്ട് മുസ്ലീമാണോ എന്ന് ചോദിച്ചതും, മുസ്ലീങ്ങള്‍ക്ക് വീട് കൊടുക്കരുതെന്ന് ഓണര്‍ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞുവെന്നുമാണ് കഴിഞ്ഞ ദിവസം ഷാജി കുമാര്‍ പോസ്റ്റിട്ടത്. ഇത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. നടൻ ഹരീഷ് പേരടി അടക്കമുള്ളവർ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.
ആരിഫ് ഹുസൈന്‍ തെരുവത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
”കുറച്ച് നാള്‍ മുന്നേ വാടകവീട് നോക്കാന്‍ കാക്കനാട് സമീപമുള്ള ഒരു ഫ്‌ളാറ്റില്‍ പോയി. ഒഎല്‍എക്‌സ് നോക്കി ചിത്രം കണ്ട് ഇഷ്ടപ്പെട്ടാണ് ചെന്നത്. വൃത്തി ഉള്ള ചിത്രങ്ങള്‍ തന്നെ. ബ്രോക്കറുടെ നമ്പര്‍ ആണ് കൊടുത്തിരുന്നത്. ഫ്‌ളാറ്റ് നടന്നു കണ്ടശേഷം ഇറങ്ങാന്‍നേരം, ബ്രോക്കറോട് ചോദിച്ചു… ‘ഓണറുടെ പേരെന്താണ്’.. ഓണറുടെ പേര് പറഞ്ഞു. ‘മുസ്ലിം’ പേര് തന്നെ. എന്റെ പേര് ചോദിച്ചു, ഞാന്‍ പറഞ്ഞു, ആരിഫ്. ഉടനെ ബ്രോക്കര്‍ എന്നോട് സലാം പറഞ്ഞു.
ഞാന്‍ സലാം മടക്കാതെ, ‘ഹായ്, ഗുഡ് ഈവെനിങ്’ എന്ന് പറഞ്ഞു. ‘പേര് കണ്ട് തെറ്റിദ്ധരിക്കണ്ട, ഞാന്‍ മുസ്ലിം അല്ല’ എന്ന് ഒരു വിശദീകരണവും കൊടുത്തു…! ബ്രോക്കറുടെ മുഖം മാറി. എന്നിട്ട് എന്നോട് പറഞ്ഞു. ‘വീട് മുസ്ലിങ്ങള്‍ക്ക് മാത്രം ആണ് കൊടുക്കാന്‍ താല്‍പ്പര്യം ഉള്ളൂ… ഒന്നും വിചാരിക്കരുത്…’. ഞാന്‍ പറഞ്ഞു, അതിനു ഞാന്‍ നിരീശ്വരവാദി ആണ്. ഹിന്ദുവോ ക്രിസ്ത്യാനിയോ അല്ല, ഒരു മതത്തിലും വിശ്വസിക്കുന്നില്ല…! ബ്രോക്കര്‍ പറഞ്ഞു. ‘അത് ഞാന്‍ ഓണറോട് ചോദിച്ചിട്ട് പറയാം…’.ആ ബ്രോക്കര്‍ പിന്നെ വിളിച്ചിട്ടില്ല…!
Post Your Comments