Latest NewsIndia

രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കണമെന്ന പരാതിയിൽ നിയമോപദേശം തേടി ലോക്സഭാ സ്പീക്കർ

ന്യൂഡൽഹി: മോദി സമുദായത്തെ അവഹേളിച്ച കേസിലെ വിധിക്ക് പിന്നാലെ രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കണമെന്ന പരാതിയിൽ നിയമോപദേശം തേടി ലോക്സഭാ സ്പീക്കർ ഓം ബിർള. കോടതി ഉത്തരവ് സ്പീക്കർ വിലയിരുത്തും. രാഹുൽ ഗാന്ധിയെ സഭയിൽ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിൻഡാൽ വ്യാഴാഴ്ച സ്പീക്കർക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കറുടെ നീക്കം.

അതേസമയം, ഇന്ന് പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികളുടെ യോ​ഗം വിളിച്ചുചേർത്തിട്ടുണ്ട്. കോടതി വിധിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടാനാണ് കോൺ​ഗ്രസിന്റെ തീരുമാനം. മാനനഷ്ടക്കേസിൽ സൂറത്തിലെ കോടതി ഇന്നലെയാണ് രാഹുൽ ഗാന്ധിയ്ക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചത്. മോദിയെന്ന പേര് കള്ളമാർക്കെല്ലാം എങ്ങനെ ലഭിക്കുന്നുവെന്ന പരാമർശത്തിനെതിരായ കേസിലാണ് സിജെഎം കോടതിയുടെ വിധി. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ ഇടക്കാല ജാമ്യവും അനുവദിച്ചിട്ടുണ്ട്.

സൂറത്തിലെ സിജെഎം കോടതിയുടെ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടില്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം രാഹുല്‍ പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ അയോഗ്യനാക്കപ്പെടുമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. 1951-ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 8(3) പ്രകാരം ഒരു പാര്‍ലമെന്റ് അംഗം ഏതെങ്കിലും കുറ്റത്തില്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ശിക്ഷിക്കപ്പെട്ടാല്‍ അവരുടെ എംപി സ്ഥാനം നഷ്ടമാകും.

കേസില്‍ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും ഏറെ നിര്‍ണായകമായിരിക്കും. സൂറത്ത് കോടതിയുടെ വിധി ഏതെങ്കിലും മേല്‍ക്കോടതി റദ്ദാക്കിയില്ലെങ്കില്‍ അടുത്ത എട്ട് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യതയും രാഹുല്‍ ഗാന്ധിക്ക് നഷ്ടമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button