സംസ്ഥാനത്തെ കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും വീടുകൾ ഉൾപ്പെടെ 300 ചതുരശ്ര മീറ്റർ വരെയുള്ള ലോ റിസ്ക്ക് കെട്ടിട നിർമ്മാണങ്ങൾക്ക് പ്ലാൻ പരിശോധിക്കാതെ പെർമിറ്റ് നൽകും. ഏപ്രിൽ ഒന്ന് മുതലാണ് ലോ റിസ്ക്ക് കെട്ടിടങ്ങൾക്ക് പ്ലാൻ പരിശോധിക്കാതെ പെർമിറ്റ് നൽകുന്നത്. രണ്ടാം ഘട്ടമായി ഗ്രാമപഞ്ചായത്തുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കുന്നതാണ്. കെട്ടിട ഉടമയും, കെട്ടിട പ്ലാൻ തയ്യാറാക്കി സൂപ്പർവൈസ് ചെയ്യുന്ന ലൈസൻസിയും സ്വയം സാക്ഷ്യപ്പെടുത്തി ഓൺലൈൻ നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കെട്ടിടങ്ങൾക്ക് പെർമിറ്റ് അനുവദിക്കുക.
ലോ റിസ്ക്ക് കെട്ടിടങ്ങൾക്ക് പെർമിറ്റ് അനുവദിക്കുന്നതിനു പുറമേ, കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് ഏപ്രിൽ ഒന്ന് മുതൽ ഉയർത്തുന്നതാണ്. കെട്ടിട നികുതി അഞ്ച് ശതമാനം ഉയർത്താൻ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. രാജ്യത്തെ ഏറ്റവും കുറഞ്ഞ പെർമിറ്റ് ഫീസ് ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. ഈ പോരായ്മ പരിഹരിക്കുന്നതിന് കൂടിയാണ് ഫീസ് വർദ്ധനവ്. കെട്ടിട നിർമ്മാണ വേളയിൽ തീരദേശ പരിപാലന നിയമം, കെട്ടിട നിർമ്മാണ ചട്ടം തുടങ്ങിയ നിയമങ്ങൾ പൂർണമായും പാലിക്കേണ്ടതാണ്. അനധികൃത നിർമ്മാണം കണ്ടെത്തിയാൽ, അനധികൃത ഭാഗത്തിന് മൂന്നിരട്ടി നികുതി ചുമത്തുന്നതാണ്.
Also Read: മധ്യവയസ്കനെ കൊലപ്പെടുത്താന്‍ ശ്രമം : യുവാവ് പിടിയിൽ
Post Your Comments