എറണാകുളം: തൃക്കാക്കരയിൽ ലഹരി വിൽപ്പന നടത്തിയതിന് പിടിയിലായ നാടക നടി താനല്ലെന്ന് വ്യക്തമാക്കി അഞ്ജു കൃഷ്ണ അശോക് നേരത്തെ രംഗത്ത് വന്നിരുന്നു. പേരിൽ മാത്രമാണ് സാമ്യതയുള്ളതെന്നും കാര്യമറിയാതെ സമൂഹമാദ്ധ്യമങ്ങളിൽ പലരും തന്നെ ടാഗ് ചെയ്യുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു.
ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അഞ്ജുകൃഷ്ണ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. കുറ്റക്കാരെ ടാഗ് ചെയ്യുന്നതിന് പകരം തന്നെ മാധ്യമങ്ങളടക്കം ടാഗ് ചെയ്യുകയാണ്. ഇത് തനിക്കും കുടുംബത്തിനും ഒരു തമാശക്കാര്യമല്ല. ഇത്തരം ടാഗുകൾ നീക്കം ചെയ്ത് ആശയക്കുഴപ്പം ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും അല്ലാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അഞ്ജു കൃഷ്ണ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് എംഡിഎംഎ കൈവശം വച്ചതിന്റെ പേരിൽ ഇടപ്പള്ളിയിൽ അഞ്ജു കൃഷ്ണ എന്ന നാടക നടി അറസ്റ്റിലായത്.
പേരിലെ സാമ്യം മൂലം അഞ്ജു കൃഷ്ണ അശോക് സൈബർ ആക്രമണത്തിന് ഇരയായിരുന്നു. മോഡലിങ് രംഗത്ത് സജീവമായിരുന്ന ഇവർ ജിബു ജേക്കബ് സംവിധാനം ചെയ്ത ആദ്യരാത്രി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. പ്രതി പൂവൻകോഴി, കുഞ്ഞെൽദോ, രമേശ് ആന്റ് സുമേഷ്, കായ്‌പോള തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
Post Your Comments