ചെന്നൈ: ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ നിന്നും അറുപതോളം പവൻ സ്വർണവും വജ്രാഭരണങ്ങളും നഷ്ട്ടപ്പെട്ട കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. ഐശ്വര്യയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന 40കാരിയായ ഈശ്വരിയെയാണ് അറസ്റ്റിലായിരിക്കുന്നത്. മോഷണം സംബന്ധിച്ച പരാതിയിൽ വീട്ടുജോലിക്കാരിയെ സംശയിക്കുന്നതായി ഐശ്വര്യ വ്യക്തമാക്കിയിരുന്നു.
ഇതേതുടർന്നാണ് പൊലീസ് ഈശ്വരിയെ ചോദ്യം ചെയ്തത്. ചോദ്യങ്ങൾക്ക് പരിഭ്രമത്തോടെ പ്രതികരിച്ചതോടെ കൂടുതൽ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. ഇവരുടെയും ഭര്‍ത്താവിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ വന്‍ തുക ഇടപാടുകള്‍ നടന്നതായി പോലീസ് കണ്ടെത്തി. തുടര്‍ന്നാണ് പ്രതികളെന്ന സംശയത്തില്‍ ചോദ്യം ചെയ്യലിനായി ഈശ്വരിയെയും ഭര്‍ത്താവിനെയും തേനാംപേട്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്
ഈശ്വരി സ്വർണ്ണവും ആഭരണങ്ങളും മോഷ്ടിച്ചതായി വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ സമ്മതിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യയിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. 2019 മുതൽ 60 പവനിലധികം ആഭരണങ്ങൾ ചെറുതായി മോഷ്ടിച്ച് വിൽപ്പന നടത്തിയതായി ഇരുവരും സമ്മതിച്ചിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments