മങ്കൊമ്പ്: കാവാലം പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്. പ്രദേശത്തെ വീടുകളുടെ മതിലുകളിൽ കറുത്ത പെയിന്റ് ഉപയോഗിച്ച് കത്രിക അടയാളങ്ങൾ പതിപ്പിച്ചതാണ് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുന്നത്. കാവാലം കുന്നുമ്മ തട്ടാശേരി-സിഎംഎസ് റോഡിലെ നിലവുന്തറ പ്രദേശത്തെ മൂന്നു വീടുകളുടെ മതിലുകളിലാണ് കത്രികയുടെ അടയാളം പതിക്കപ്പെട്ടിരിക്കുന്നത്.
സഖറിയാസ് നിലവന്തറ, മുട്ടുങ്കൽ ടോജോ, കൊച്ചുപടാരത്ത് ബേബിച്ചൻ എന്നിവരുടെ വീടുകളുടെ മതിലുകളിലാണ് കത്രിക ചിഹ്നം പതിച്ചിരിക്കുന്നത്. മൂന്ന് ദിവസം മുൻപാണ് സംഭവം. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സാമൂഹ്യവിരുദ്ധരാണ് ഇതിനു പിന്നിലെന്നാണ് പോലീസ് ഭാഷ്യം. ആശങ്ക വേണ്ടെന്നും പ്രദേശത്തു പട്രോളിംഗ് കൂടുതൽ ശക്തമാക്കിയതായും പോലീസ് നാട്ടുകാരെ അറിയിച്ചു.
അടയാളങ്ങൾ കണ്ടതിനെത്തുടർന്നു പല കഥകളും നാട്ടിൽ പറന്നു. നേരത്തെ മറുനാടൻ മോഷ്ടാക്കളും മറ്റും പകൽ നാട്ടിൽ ചുറ്റിയടിച്ചു നടന്നിട്ടു രാത്രി മോഷണം നടത്താൻ ലക്ഷ്യമിടുന്ന വീടുകളിൽ അടയാളങ്ങൾ ഇട്ടിട്ടുപോകുന്ന രീതിയുണ്ടെന്ന വാർത്തകളുമായി ആളുകൾ ഈ സംഭവത്തെയും കൂട്ടിയിണക്കി. ഇതോടെ ഭയവും വർദ്ധിച്ചു.
Post Your Comments