തിരുവനന്തപുരം: ഉത്സവ പറമ്പിൽ ഗാനമേളയ്ക്കിടെ നൃത്തം ചെയ്യവേ കിണറ്റിൽ വീണ യുവാവ് മരിച്ചു. നേമം പൊന്നുമംഗലം ശങ്കർനഗറിൽ ജിത്തു എന്ന് വിളിക്കുന്ന ഇന്ദ്രജിത്താ(23)ണ് മരിച്ചത്. കിണർ മൂടിയിരുന്ന പലകകൾ തകർന്നാണ് അപകടം സംഭവിച്ചത്. യുവാവിനെ രക്ഷിക്കാൻ ഇറങ്ങിയ യുവാവും കിണറ്റിൽ അകപ്പെട്ടു. ഫയർഫോഴ്സ് എത്തിയാണ് ഇരുവരെയും പുറത്ത് എടുത്തത്.
നേമം മേലാങ്കോട് മുത്തുമാരിയമ്മൻ ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്ര പരിസരത്ത് ഗാനമേള സംഘടിപ്പിച്ചിരുന്നു. സ്ഥല പരിമിതി കാരണം സ്റ്റേജിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലും ആളുകൾക്ക് ഇരിക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. ഇതിനായി പുരയിടത്തിലെ കിണർ പലകകൾ കൊണ്ട് അടച്ചിരുന്നു. ഇതിന് മുകളിൽ ആണ് മരിച്ച ഇന്ദ്രജിത്ത് ഉൾപ്പെടെയുള്ളവർ നിന്നിരുന്നത്. പാട്ട് കേട്ട് ഇതിന് മുകളിൽ നിന്ന് നൃത്തം ചെയ്യവേ പലകകൾ ഇന്ദ്രജിത്ത് തകർന്ന് കിണറ്റിൽ വീഴുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
Read Also : വീടിന്റെ അലമാരയിൽ പ്ലാസ്റ്റിക് ബാഗിനുള്ളിൽ 53 കാരിയുടെ അഴുകിയ മൃതദേഹം; മകളെ ചോദ്യം ചെയ്യുന്നു, അന്വേഷണം
ഇത് കണ്ട സുഹൃത്ത് കാരയ്ക്കാമണ്ഡപം മേലാങ്കോട് സ്വദേശി അഖിൽ ഇന്ദ്രജിത്തിനെ രക്ഷിക്കാൻ കിണറ്റിലേക്ക് ഇറങ്ങിയെങ്കിലും ശ്വാസ തടസ്സമുണ്ടാവുകയും കിണറ്റിനുള്ളിൽ കുടങ്ങുകയും ആയിരുന്നു. തുടർന്ന് ചെങ്കൽച്ചൂളയിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തിയാണ് ഇരുവരെയും പുറത്ത് എടുത്തത്. ആഴമുള്ള കിണർ അയതിനാൽ വായു സഞ്ചാരം കുറവായിരുന്നു എന്ന് ഫയർഫോഴ്സ് സംഘം പറഞ്ഞു.
പുറത്തെടുക്കുബോഴേക്കും ഇന്ദ്രജിത്ത് മരിച്ചിരുന്നു. അഖിൽ പരിക്കുകളോടെ നേമം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വെൽഡിങ് തൊഴിലാളി ആണ് മരിച്ച ഇന്ദ്രജിത്ത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments