തിരുവനന്തപുരം: പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവിനെയും കടുത്ത ഭാഷയിൽ വിമർശിച്ച മന്ത്രി മുഹമ്മദ് റിയാസിനെ ട്രോളി കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസിലെ ഒറ്റുകാരനാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നാണ് മുഹമ്മദ് റിയാസിന്റെ ആരോപണം. കോൺഗ്രസിന് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയാണെന്നായിരുന്നു റിയാസിന്റെ പരിഹാസം. ഇതിന് കണക്കിന് മറുപടിയാണ് രാഹുൽ നൽകുന്നത്. നട്ടെല്ല്, വാഴപ്പിണ്ടി കൊണ്ടുള്ളതാണ് എന്ന് താങ്കൾ തെറ്റിദ്ധരിച്ചത് ക്ലിഫ് ഹൗസിൽ താങ്കൾ താങ്കളുടെ ഫാദർ ഇൻലോ ഷർട്ട് ഇല്ലാതെ നില്ക്കുന്നത് കണ്ടിട്ടാകും അല്ലേ എന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ തിരിച്ചുള്ള പരിഹാസം.
‘നട്ടെല്ല്, വാഴപ്പിണ്ടി കൊണ്ടുള്ളതാണ് എന്ന് താങ്കൾ തെറ്റിദ്ധരിച്ചത് ക്ലിഫ് ഹൗസിൽ താങ്കൾ താങ്കളുടെ ഫാദർ ഇൻലോ ഷർട്ട് ഇല്ലാതെ നില്ക്കുന്നത് കണ്ടിട്ടാകും. പക്ഷേ എല്ലാ മനുഷ്യർക്കും അങ്ങനെയല്ല. എന്തായാലും എല്ല് ഡോക്ടർ റിയാസെ, കേരളത്തിലെ പ്രതിപക്ഷത്തിന് നല്ല നട്ടെല്ലുള്ളത് കൊണ്ടാണ് താങ്കളുടെ ഫാദർ ഇൻലോയ്ക്ക് ഉത്തരമുട്ടുന്നതും, ഉള്ളത് കേൾക്കുമ്പോൾ അദ്ദേഹം ഇടയ്ക്കൊക്കെ പൊട്ടിത്തെറിക്കുന്നതും പഴഞ്ചൊല്ല് പറയുന്നതും. പിന്നെ താങ്കളുടെ റോഡിൽ കൂടി യാത്ര ചെയ്ത് നട്ടെല്ല് പൊട്ടുന്ന സാധാരണക്കാരന്റെ കാര്യമൊക്കെ നോക്കിയിട്ട് പോരെ ഈ ചീപ്പ് ഡയലോഗ്സ്’, രാഹുൽ ഫേസ്‌ബുക്കിൽ കുറിച്ചു.
മന്ത്രി റിയാസ് പറഞ്ഞത്:
‘രാവിലെ ഗുഡ് മോണിങും വൈകീട്ട് ഗുഡ് ഈവിനിങും പറഞ്ഞ് പ്രതിപക്ഷ നേതാവിന്റെ ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാൻ മന്ത്രിമാരെ കിട്ടില്ല. ബിജെപിക്ക് വേണ്ടി കോൺഗ്രസിനെ കോൺഗ്രസിൽ നിന്നുകൊണ്ട് ഒറ്റുകൊടുക്കുകയാണ് വിഡി സതീശൻ ചെയ്യുന്നത്. കോൺഗ്രസ് നേതാവായി നിന്ന് എംഎൽഎമാരെ വഞ്ചിക്കുന്ന രാഷ്ട്രീയ വഞ്ചനാ നിലപാടാണ് പ്രതിപക്ഷ നേതാവിന്റേത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായും കേന്ദ്ര സർക്കാരുമായും പ്രതിപക്ഷ നേതാവിന് അന്തർധാരയുണ്ട്.
കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിപക്ഷ നേതാവ് മിണ്ടിയില്ല, പ്രതിപക്ഷ അംഗങ്ങളെ മിണ്ടാൻ അനുവദിച്ചുമില്ല. പാചകവാതക വില വർധനയിലും മിണ്ടിയില്ല. കോൺഗ്രസിൽ നിൽക്കുകയും മതനിരപേക്ഷ കോൺഗ്രസുകാരെ ഒറ്റുകൊടുക്കുകയും ചെയ്യുന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തെ രാവിലെ കണ്ട് ഗുഡ് മോണിങ് പറഞ്ഞ് വൈകീട്ട് ഗുഡ് ഈവനിങ് പറഞ്ഞാൽ മാത്രമേ മന്ത്രിപ്പണിയെടുക്കാൻ പറ്റൂവെന്നൊരു തോന്നൽ അദ്ദേഹത്തിനുണ്ടെന്ന് തോന്നുന്നു. മന്ത്രിമാരായ വീണ ജോർജ്ജിനെ, ശിവൻകുട്ടിയെ, അബ്ദുറഹ്മാനെ അങ്ങനെ മന്ത്രിമാരെ തുടർച്ചയായി അധിക്ഷേപിക്കുകയാണ്. ഇതൊന്നും നല്ലതിനല്ല’, റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments