ബോളിവുഡിന്റെ താരറാണി ദീപിക പദുക്കോണിനെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത്തവണത്തെ ഓസ്കാർ വേദിയിൽ ഇന്ത്യയ്ക്ക് അഭിമാനമായി ദീപികയുമുണ്ടായിരുന്നു. ഓസ്കാറിലെ ദീപികയുടെ ചിത്രം പങ്കുവച്ചു കൊണ്ടാണ് മന്ത്രിയുടെ പോസ്റ്റ്. ‘ചില വേദികളിൽ ചിലരുടെ സാന്നിധ്യം ഒരു രാഷ്ട്രീയ സന്ദേശം കൂടിയാകുന്നു..’, എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം ശിവൻകുട്ടി കുറിച്ചത്. പിന്നാലെ ഒട്ടേറെ പേരാണ് വിമർശിച്ചും ദീപികയെ പ്രശംസിച്ചും രംഗത്തെത്തിയത്.
പതിനാറ് അവതാരകരാണ് ഓസ്കാര്‍ പുരസ്കാര നിശയില്‍ ഉണ്ടായിരുന്നത്, അക്കൂട്ടത്തിലെ ഏക ഇന്ത്യന്‍ പ്രതിനിധിയായിരുന്നു ദീപിക. ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ വേദിയില്‍ ലോകകപ്പ് അവതരിപ്പിച്ച് തിളങ്ങിയ ദീപിക വീണ്ടും ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചു പറ്റിയ നിമിഷങ്ങളായിരുന്നു അത്. ഓസ്കാറിൽ തിളങ്ങിയ ദീപികയെ പ്രശംസിച്ച് നടിമാരായ കങ്കണ, ആലിയ ഭട്ട് തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. . പഠാൻ ആണ് ദീപിക അഭിനയിച്ച് പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. ചിത്രത്തിലെ ഗാനരംഗത്ത് ദീപിക ധരിച്ച വസ്ത്രത്തിന്‍റെ പേരില്‍ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. ഈ വിവാദവും ദീപികയുടെ നിലപാടും ചൂണ്ടിക്കാട്ടിയാണ് ശിവൻകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് എന്നാണ് സഖാക്കളുടെ നിരീക്ഷണം.
അതേസമയം, ദീപിക അണിഞ്ഞ കറുത്ത വസ്ത്രം ചൂണ്ടിക്കാട്ടി ചിലർ ശിവന്കുട്ടിയെ പരിഹസിക്കുന്നുമുണ്ട്. ‘കറുപ്പണിഞ്ഞ ദീപിക പിണറായിക്ക് നൽകുന്ന സന്ദേശം ആണോ ഉദ്ദേശിച്ചത്?’ എന്നാണ് ഒരാളുടെ കമന്റ്. ‘വേഗം മുക്കിക്കോ,അല്ലേൽ പിണറായി തമ്പ്രാൻ മന്ത്രിസ്ഥാനം തെറിപ്പിക്കും, ചില വേദികളിൽ സ്വപ്നയുടെ സാനിധ്യം ഒരുപാട് രാഷ്ട്രീയ സന്ദേശം നൽകുന്നു, പിണറായിക്കിട്ട് താങ്ങിയതാണോ’ ഇങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.
Post Your Comments