തിരുവനന്തപുരം: മകളെ ശല്യപ്പെടുത്തിയതിന് പൊലീസിൽ പരാതി നൽകിയ വിരോധത്തിൽ വീട്ടിൽ കയറി ആക്രമണം നടത്തിയ യുവാവ് പിടിയിൽ. കോട്ടുകാൽ പയറ്റുവിള കുഴിയംവിള അനുശ്രീ നിവാസിൽ അരുണിനെയാണ് (24) അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം പൊലീസ് ആണ് പിടികൂടിയത്.
പയറ്റുവിള കുഴിയംവിള സ്വദേശിനിയായ പെൺകുട്ടിയെ അരുൺ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. തുടർന്ന്, പെൺകുട്ടിയുടെ പിതാവ് വിഴിഞ്ഞം പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ പൊലീസ് അരുണിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടയച്ചു. ഇതിലുള്ള വിരോധത്തിലാണ് അരുൺ പെൺകുട്ടിയുടെ വീടിന് നേരെ ആക്രമണം നടത്തിയത്.
ശനിയാഴ്ച രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം. വീടിന്‍റെ മതിൽ ചാടി കടന്ന അരുൺ വീടിനോടു ചേർന്നുള്ള രണ്ടുമുറി കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. തുടർന്ന്, തടിക്കഷണം കൊണ്ട് വീട്ടിലെ രണ്ടു കിടപ്പുമുറികളുടെ ജനൽ ചില്ലുകൾ അടിച്ചു തകർത്ത അരുൺ ഗൃഹനാഥനെയും ഭാര്യയെയും മകളെയും വീടിനു അകത്തിട്ട് കുത്തി കീറി കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. പൊട്ടിയ ജനാലയ്ക്ക് ഉള്ളിൽ നിന്ന് അവിടെ ഉണ്ടായിരുന്ന 510 രൂപയും അരുൺ മോഷ്ടിച്ചതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു.
തുടർന്ന്, വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അരുണിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments