കൊച്ചി: കഴിഞ്ഞ പതിനൊന്ന് ദിവസമായി ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീയും പുകയും ആണ് കേരളത്തിന്റെ ചർച്ച വിഷയം. കൊച്ചിയിലെ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ തീയും പുകയും അണയുന്നുണ്ടെങ്കിലും തീപ്പിടുത്തത്തെത്തുടർന്നുള്ള ഡയോക്സിന്റെ വ്യാപനം കെട്ടടങ്ങിയിട്ടില്ല. കൊച്ചിയിൽ എവിടെയൊക്കെ, വിഷപ്പുക വ്യാപിച്ചിട്ടുണ്ടെന്ന കണ്ടെത്തൽ പ്രധാന വെല്ലുവിളിയാണ്. ബ്രഹ്മപുരത്തെ വായുവിൽ കലർന്നിരിക്കുന്ന വാതകങ്ങളിൽ ഏറ്റവും അപകടകാരി ഡയോക്സിൻ ആണ്.
എന്താണ് ഡയോക്സിൻ?
ദീർഘകാലത്തേക്ക് ഗുരുതരമായ ആരോഗ്യപ്രശ്ങ്ങൾ ഉണ്ടാകുന്ന വാതകമാണ് ഡയോക്സിൻ. ഡയോക്സിൻ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ആ പ്രദേശത്ത് മാത്രമൊതുങ്ങില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങളിൽ തന്നെ പറയുന്നുണ്ട്. പെട്ടെന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്കപ്പുറം കൊഴുപ്പുഗ്രന്ഥികളിലും നാഡീവ്യൂഹത്തിലും കടന്നുകയറി വർഷങ്ങൾക്ക് ശേഷം പ്രത്യക്ഷപ്പെടുന്ന പ്രത്യുൽപാദന തകരാറുകളുടെയും കാൻസറിന്റെയും തൈറോയ്ഡ് രോഗങ്ങളുടെയും ശ്വാസകോശ രോഗങ്ങളുടെയും കാരണമാകുന്ന രാസവസ്തുവാണ് ഡയോക്സിൻ. പ്ലാസ്റ്റിക്കിന്റെ ജ്വലനത്തിലൂടെ പുറത്ത് വരുന്നത് അപകടകാരിയായ ഡോയക്‌സീനുകള്‍ ആണ്. സമാനമായ ഘടനയുള്ള രാസസംയുക്തങ്ങളുടെ ഒരു വലിയ കൂട്ടത്തെ പൊതുവിൽ പറയുന്ന പേരാണ് ഡയോക്സിൻ. കാർബൺ, ഓക്സിജൻ, ഹൈഡ്രജൻ, ക്ലോറിൻ എന്നിവയാൽ നിർമിക്കപ്പെട്ട സംയുക്തങ്ങളാണ് ഇവ.
ഡയോക്സിൻ മനുഷ്യനെ ബാധിക്കുന്നതെങ്ങനെ?
ഭക്ഷ്യവസ്തുക്കളിൽ കലർന്നും, മത്സ്യം, മാംസം, പാൽ എന്നിവ വഴി വരെ ശരീരത്തിലേക്കെത്തും. കാലങ്ങൾ നിലനിൽക്കുകയും തലമുറകളിലേക്ക് വിപത്ത് പടർത്തുകയും ചെയ്യും. ഇത് കണ്ടെത്തലാണ് പ്രധാനം. അന്തരീക്ഷത്തിലെത്തുന്ന ഡയോക്സിൻ ദീർഘകാലം നിലനിൽക്കും. ചിലത് നശിച്ചു പോവുകയില്ല. പല മാർഗങ്ങളിലൂടെയും വളരെ ചെറിയ, ശരീരത്തിന് ഹാനികരമല്ലാത്ത അളവിൽ അത് മനുഷ്യരിലെത്തും. മാലിന്യങ്ങൾ കത്തിക്കുന്നതിലൂടെ, രാസവളങ്ങൾ ഉപയോഗിക്കുന്നതിലൂടെ, മത്സ്യമടങ്ങിയ ഭക്ഷണത്തിലൂടെയും മറ്റും. ഇത് ശരീരത്തിന് താങ്ങാൻ പറ്റുന്ന സുരക്ഷിതമായ അളവാണ്.
കൊച്ചിയിലെ മാലിന്യം കത്തിയത് പോലെ ദിവസങ്ങൾ നീണ്ടുനിന്ന, മുൻ അനുഭവങ്ങളില്ലാത്ത പ്രതിസന്ധിയായത് കൊണ്ടുതന്നെ, ഇതുപോലൊരു പ്രശ്നത്തിന്റെ ആരോഗ്യഡാറ്റയോ വിവരങ്ങളോ അധികൃതരുടെ പക്കലില്ല. മുതിർന്നവരിൽ പ്രത്യുൽപ്പാദനത്തിലെ പ്രശ്നങ്ങൾ, വന്ധ്യതാ പ്രശ്നങ്ങൾ, ഗര്‍ഭച്ഛിദ്രം സംഭവിക്കുക, രോഗപ്രതിരോധ സംവിധാനങ്ങളെ ബാധിക്കൽ, ഹോർമോൺ വ്യതിയാനങ്ങൾ എന്നിങ്ങനെ ഉണ്ടാകാം. കുട്ടികളും ഗർഭസ്ഥ ശിശുക്കളുമാണ് ഏറ്റവും വലിയ പ്രത്യഘാതങ്ങൾ നേരിടുക. കുട്ടികളുടെ രോഗപ്രതിരോധ, നാഡീവ്യൂഹങ്ങളുടെ വളർച്ചയെയും പ്രവർത്തനങ്ങളെയും ഡയോക്സിനുകൾ ബാധിക്കുന്നു. കുട്ടികളുടെ വളർച്ചാ കാലഘട്ടത്തില്‍ തന്നെ പ്രത്യുത്പാദന ശേഷിയേയും ബാധിക്കും.
Post Your Comments