Latest NewsKeralaNews

ലക്ഷക്കണക്കിന് മനുഷ്യർ ഒഴുകിയെത്തിയെന്ന് എം.വി ഗോവിന്ദൻ: ചര്‍ച്ചയായതോ കൂറ്റനാട് അപ്പവും മൈക്കുകാരനും

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിച്ച പ്രതിരോധ യാത്രയ്ക്ക് സമാപനം ആകുമ്പോൾ രാഷ്ട്രീയ ഇടങ്ങളിൽ നിന്നുയരുന്ന പ്രധാന ചോദ്യം, ‘ഈ ജാഥ കൊണ്ട് ഗുണം വല്ലതും ഉണ്ടാകുമോ? പ്രതിരോധ യാത്ര വിജയമായോ?’ എന്നാണ്. 140 മണ്ഡലങ്ങളിലൂടെ നടത്തിയ യാത്ര ഒടുവിൽ അവസാനിച്ചത് 129 ആമത്തെ കേന്ദ്രമായ പുത്തരിക്കണ്ടം മൈതാനത്താണ്. ജാഥ വിജയമായെന്നാണ് ഗോവിന്ദന്റെ ഭാഷ്യം.

ലക്ഷക്കണക്കിന് മനുഷ്യർ ഒരു മനസ്സായി ഒഴുകിയെത്തിയ പ്രതിരോധത്തിന്റെയും, പോരാട്ടത്തിന്റെയും, സമരചരിത്രമാണ് ഈ മഹാമുന്നേറ്റം എഴുതിവയ്ക്കുന്നതെന്ന് ഗോവിന്ദൻ അവകാശപ്പെടുമ്പോഴും, യഥാർത്ഥത്തിൽ ചർച്ചയായത് കൂറ്റനാട് അപ്പവും മൈക്കുകാരനും ആണെന്ന് പറയേണ്ടി വരും. ഒപ്പം ചില വിവാദങ്ങളും.

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള രാഷ്ട്രീയ പ്രചാരണം ലക്ഷ്യം വച്ചായിരുന്നു യാത്ര എന്നാണ് ഗോവിന്ദൻ പറയുന്നത്. കേന്ദ്രത്തിന്റെ അവഗണനക്കെതിരെയും രാജ്യത്ത് വ്യാപിക്കുന്ന വർഗീയതക്കെതിരെയും സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ നയങ്ങളും മറ്റ് ജനകീയ വിഷയങ്ങളും ജനലക്ഷങ്ങളോട് സംവദിച്ചു കൊണ്ടാണ് ഈ ജാഥ മുന്നേറിയതെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാൽ, കേന്ദ്രത്തിനെതിരായ ഗോവിന്ദന്റെ വിമർശനങ്ങൾക്കൊന്നും ചൂട് ഉണ്ടായിരുന്നില്ല. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 129 കേന്ദ്രങ്ങളിലായി ഓടിനടന്ന് പ്രസംഗിക്കുമ്പോൾ എന്തെങ്കിലുമൊക്കെ വിവാദങ്ങൾ ഗോവിന്ദനെ അകമ്പടി സേവിച്ചു.

Also Read:റിപ്പർ ജയാനന്ദന് രണ്ട് ദിവസം മകളുടെ കല്യാണം കൂടാം, അച്ഛന് ജാമ്യം കിട്ടാൻ കോടതിയില്‍ വാദിച്ചതും മകള്‍

ദിവസവുമുള്ള വാര്‍ത്താസമ്മേളനങ്ങളില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് താനടക്കമുള്ള നേതാക്കളുടെ പിഴവുകള്‍ വിശദീകരിക്കേണ്ടിവരുന്നത് തിരിച്ചടിയായി. ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ജനകീയ പ്രതിരോധജാഥയില്‍ നിന്നും അകന്നു നി ന്നത് ചർച്ചയായി. ഇ.പിയുടെ അസാന്നിധ്യം പാർട്ടിക്ക് കോട്ടമുണ്ടാക്കി. കൂറ്റനാട് നിന്നും അപ്പം കൊച്ചിയില്‍ വിറ്റ്‌ ഒരു മണിക്കൂര്‍ കൊണ്ട് തിരിച്ചെത്താം എന്ന സില്‍വര്‍ ലൈന്‍ പ്രസംഗങ്ങളും മൈക്കുകാരനെ തെറി പറഞ്ഞതുമൊക്കെ ജാഥയ്ക്ക് നെഗറ്റീവ് പബ്ളിസിറ്റിയുണ്ടാക്കി. ബ്രഹ്മപുരം തീപിടുത്തവും ജാഥയുടെ നിറം കെടുത്തി.

സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത്, ലൈഫ് മിഷന്‍ അഴിമതി, പെട്രോളിനും ഡീസലിനും രണ്ടുരൂപ നികുതി ചുമത്തിയത്, രൂക്ഷ സാമ്പത്തിക പ്രതിസന്ധി, മന്ത്രിമാരുടെ വിദേശയാത്ര എന്നിവ കൊണ്ടെല്ലാം പാർട്ടി ഒരു പ്രതിസന്ധി നേരിട്ടുകൊണ്ടിരുന്ന സമയത്താണ്, പാർട്ടിയുടെ മുഖഛായ മാറ്റാൻ ഗോവിന്ദനും സംഘവും ജാഥയെന്ന പേരിൽ ഇറങ്ങിത്തിരിച്ചത്. പക്ഷെ, സമയം മോശമായി പോയെന്നല്ലാതെ എന്ത് പറയാൻ. ബ്രഹ്മപുരം അടക്കമുള്ള വമ്പൻ പ്രതിസന്ധികളായിരുന്നു ഗോവിന്ദനും സംഘത്തിനും മുന്നിലുണ്ടായിരുന്നത്.

ബ്രഹ്മപുരത്തെ തീയും വിഷപ്പുകയും വാർത്തകളിൽ ഇടംപിടിച്ചപ്പോൾ ജനാധിപത്യ സംരക്ഷണത്തിനായുള്ള ജനകീയ പോരാട്ടങ്ങളുടെ മതനിരപേക്ഷ അടിത്തറ ശക്തമാക്കുന്നതിന് വേണ്ടി ജാഥ നടത്തിയ ഗോവിന്ദന്റെ നീക്കം ഫലം കണ്ടില്ലെന്ന് വേണം പറയാൻ. പോരാട്ടങ്ങൾക്ക് അവസാനങ്ങളില്ലെന്നും വരാനിരിക്കുന്ന സമരമുഖങ്ങൾക്ക് കേരളം ഈ ദിനങ്ങളിൽ നൽകിയ കരുത്ത് പ്രചോദനമായി മാറുമെന്നുമുള്ള ആത്മവിശ്വാസമാണ് ജാഥ അവസാനിക്കുമ്പോൾ ഗോവിന്ദന്റെ മുഖത്തുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button