
പാലക്കാട്: പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവില്ലെന്ന് പാലക്കാട് പോളിക്ലിനിക്ക് ആശുപത്രി അധികൃതർ. ചികിത്സാ പിഴവാണ് യുവതിയുടെ മരണത്തിന് കാരണമായതെന്ന കുടുംബത്തിന്റെ ആരോപണം ആശുപത്രി നിഷേധിച്ചു. പാലക്കാട് ധോണി സ്വദേശി വിനീഷയാണ് കഴിഞ്ഞ ദിവസം മരിച്ചത്. മരിച്ച വിനിഷയ്ക്കു മതിയായ ചികിത്സ ഉറപ്പാക്കിയിരുന്നുവെന്നും ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ആശുപത്രി വാർത്താ കുറിപ്പ് ഇറക്കി.
പോളി ക്ലിനിക്കിൽ ഉണ്ടായ ചികിത്സാ പിഴവാണ് മരണകാരണമെന്നും നടപടി വേണമെന്നുമാവശ്യപ്പെട്ട് യുവതിയുടെ കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഷാർജയിൽ ഐടി എഞ്ചിനീയറായ വിനീഷ പ്രസവത്തിന് മാത്രമായാണ് നാട്ടിലെത്തിയത്. ഭർത്താവ് ചാലക്കുടി സ്വദേശി സിജിലും ഷാർജയിലാണ്. കുഞ്ഞിൻ്റെ ആരോഗ്യനിലയും ഗുരുതരമായി തുടരുകയാണ്. പോളിക്ലിനിക്കിൽ ഒരു സൗകര്യവും ഉണ്ടായിരുന്നില്ലെന്ന് പിന്നീടാണ് മനസ്സിലായതെന്ന് വിനീഷയുടെ അച്ഛൻ പറഞ്ഞു.
എന്നാൽ, പ്രസവ ശേഷം വിനിഷയുടെ ബിപി പെട്ടന്ന് കുറഞ്ഞിരുന്നുവെന്ന് പോളി ക്ലിനിക്ക് പറയുന്നു. വിശദമായി പരിശോധിച്ചെങ്കിലും ബിപി കുറയാൻ ഉണ്ടായ കാരണം വ്യക്തമായില്ല. അപൂർവമായി ഉണ്ടാകുന്ന അംനിയോട്ടിക് ഫ്ലൂയിഡ് എംബോളിസം എന്നായിരുന്നു പ്രാഥമിക നിഗമനം. ഇക്കാരണത്താൽ, ഉടൻ തന്നെ മെച്ചപ്പെട്ട ചികിത്സയ്ക്കായി സമീപത്തെ തങ്കം ആശുപത്രിയിലേക്ക് മാറ്റിയെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
അതേസമയം വിനിഷയുടെ കുഞ്ഞ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ ഐസിയുവിൽ തുടരുകയാണ്. വിനിഷയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി, മൃതദേഹം പോസ്റ്റ് മോർട്ടത്തിനു അയക്കും. ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം നൽകിയ പരാതിയിൽ പൊലീസ് തുടർനടപടി സ്വീകരിച്ചേക്കും.
Post Your Comments