
കൊച്ചി: സ്വവർഗ്ഗ വിവാഹത്തെ എതിർത്തുകൊണ്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ കേരളത്തിലെ ആദ്യ ഗേ ദമ്പതികളായ നികേഷും സോനുവും. ഇന്ത്യൻ സംസ്ക്കാരത്തിനും ജീവിത രീതിയ്ക്കും സ്വവർഗ്ഗവിവാഹം എതിരാണെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രധാന വാദം. സ്വവർഗ്ഗ വിവാഹവുമായി ബന്ധപ്പെട്ട നിയമ നിർമ്മാണത്തിന് തയ്യാറല്ലെന്ന നിലപാട് തന്നെയാണ് കേന്ദ്രം കോടതിയെ അറിയിക്കുന്നത്. ഇന്ത്യൻ സംസ്ക്കാരത്തിനും ജീവിത രീതിക്കും സ്വവർഗവിവാഹം എതിരാണെന്ന കേന്ദ്ര സർക്കാർ വാദത്തിലൂടെ ഹനിക്കപ്പെട്ടത് തങ്ങളുടെ അവകാശങ്ങളാണെന്ന് സോനുവും നികേഷും പറയുന്നു. ട്വന്റിഫോർ ന്യൂസിനോടായിരുന്നു ഇവരുടെ പ്രതികരണം.
‘ഞങ്ങളെ പോലുള്ളവർക്ക് എന്താണ് വേണ്ടതെന്നോ, ഞങ്ങളെ കേൾക്കാനോ കേന്ദ്രം തയാറാകുന്നില്ല. ബഹുപൂരിപക്ഷം വരുന്ന പൊതുബോധത്തെ ഭയന്ന് വോട്ട് ബാങ്കിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. ഞാനും സോനുവും 2018 ജൂലൈ 5ന് ക്ഷേത്രത്തിൽ പോയി വിവാഹം കഴിച്ചവരാണ്. പക്ഷേ അത് രജിസ്റ്റർ ചെയ്യാൻ തൃശൂർ രജിസ്റ്റർ ഓഫിസിൽ പോയപ്പോഴാണ് സ്വവർഗവിവാഹം രജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്ന് അറിയുന്നത്. ദമ്പതികളായി ബാങ്കിൽ ഒരു ജോയിന്റ് അക്കൗണ്ട് എടുക്കാനോ, ഇൻഷുറൻസിൽ പങ്കാളിയായി ചേർക്കാനോ, പിന്തുടർച്ചാ അവകാശമോ ലഭിക്കുന്നില്ല. ഞങ്ങൾക്കിടയിലേക്ക് ഒരു കുഞ്ഞ് വരണമെന്നത് ദീർഘനാളത്തെ സ്വപ്‌നമായിരുന്നു. അതിനും വിവാഹം നിയമവിധേയമാകാത്തത് വിലങ്ങ് തടിയാവുകയാണ്’- നികേഷ് പറഞ്ഞു.
പ്രായപൂർത്തിയായ ഒരേ ലിംഗത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാർക്ക് പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്നാണ് 2018 ലെ സുപ്രധാന വിധിയിൽ സുപ്രീം കോടതി പറഞ്ഞത്. ‘എന്നാൽ ലൈംഗിക ബന്ധം മാത്രമല്ലല്ലോ ജീവിതം? വെറും സെക്‌സിന് വേണ്ടിയുള്ള മെറ്റീരിയൽ മാത്രമാണോ ഞങ്ങൾ? മറ്റ് അവകാശങ്ങൾ ഒന്നും നൽകാതെ നിങ്ങൾ സെക്‌സ് ചെയ്‌തോ എന്ന് മാത്രമാണ് കോടതി പറഞ്ഞത്. പക്ഷേ 2018 ലെ വിധി വന്നതിന് ശേഷമാണ് എനിക്ക് സോനുവും ഒത്ത് ഒരു ജീവിതം ഉണ്ടായത്’, നികേഷ് പറഞ്ഞു.
Post Your Comments