തിരുവനന്തപുരം: മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ പരീക്ഷാ ചോദ്യപ്പേപ്പർ ചുവന്ന നിറത്തിൽ അച്ചടിച്ചതിനെ പരിഹസിച്ചതിനാണ് അദ്ദേഹം അബ്ദുറബ്ബിന് മറുപടി നൽകിയത്. പച്ചയല്ല, പള്ളിക്കൂടങ്ങൾ പച്ച പിടിപ്പിക്കാതിരുന്നതാണ് അന്നത്തെ പ്രശ്‌നമെന്ന് വി ശിവൻകുട്ടി പറഞ്ഞു.
നിറമല്ല പ്രവർത്തനമാണ് പ്രധാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മലാപ്പറമ്പ് സ്‌കൂൾ നവീകരിച്ചതുമായി ബന്ധപ്പെട്ട പത്രവാർത്തയും അദ്ദേഹം ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തിട്ടുണ്ട്. ചോദ്യപ്പേപ്പർ അച്ചടിച്ചത് പച്ചമഷിയിൽ ആകാതിരുന്നത് ഭാഗ്യം എന്നായിരുന്നു അബ്ദുറബ്ബിന്റെ പരിഹാസം.
പ്ലസ് വൺ പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടിച്ചിരിക്കുന്നത് ചുവപ്പു മഷിയിൽ. ഏതായാലും പച്ച മഷിയാവാത്തത് ഭാഗ്യം. ഇല്ലെങ്കിൽ താൻ രാജി വയ്‌ക്കേണ്ടി വന്നേനെ. അന്നൊക്കെ ചോദ്യപേപ്പറിൽ ചോദ്യങ്ങൾ അവസാനിക്കുന്ന ഭാഗത്ത് ഒരു ചന്ദ്രക്കല കണ്ടാൽ ചന്ദ്രഹാസമിളകുകയും അഞ്ചാറ് കെഎസ്ആർടിസി ബസുകൾ എറിഞ്ഞു തകർക്കുകയും മന്ത്രി പ്രസംഗിക്കുന്ന സ്റ്റേജിൽ വരെ കയറി ചാക്യാർകൂത്ത് നടത്തുകയും ചെയ്തിരുന്ന എന്തെല്ലാം ‘പാരമ്പര്യ കല’കളാണ് കേരളത്തിന് കൈമോശം വന്നിരിക്കുന്നതെന്നും അബ്‌റബ്ബ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി വി ശിവൻകുട്ടി രംഗത്തെത്തിയത്.
Post Your Comments