കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നാലെ മുഖ്യമന്ത്രിയോട് ചോദ്യവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. സുധാകരനെ പ്രത്യേക ഏക്ഷനിൽ അടിച്ച് വീഴ്ത്തിയ നേതാവാണ് പഴയ വിജയനെന്നും, പുതിയ വിജയൻ കുടുംബ സ്‌നേഹി ആയത് നന്നായെന്നും സന്ദീപ് പരിഹസിച്ചു. പുതിയ വിജയൻ സെർ ക്ഷമാശീലനും സർവ്വം സഹനും ആണെന്നും അല്ലെങ്കിൽ കാണാമായിരുന്നുവെന്നും സന്ദീപ് വാര്യർ പരിഹസിക്കുന്നു. ഉയർത്തിപ്പിടിച്ച വാളിന്റെയും ഊരിപ്പിടിച്ച കത്തിയുടെയും ഇടയിലൂടെ നടന്ന് വന്ന നേതാവാണ് പഴയ വിജയൻ എന്നും അദ്ദേഹം ഓർമപ്പെടുത്തുന്നു.
കൂടാതെ, സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ പിണറായി വിജയനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലും രംഗത്തുണ്ട്. പല തവണയായി ഇത്രയേറെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ എന്തുകൊണ്ടാണ് സ്വപ്നയ്ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാത്തതെന്ന് രാഹുൽ ചോദിച്ചു. ‘ പുതിയ വിജയൻ ‘ മാനനഷ്ടക്കേസ് കൊടുക്കാറില്ല എന്ന പോളിസി ഉണ്ടോയെന്നും രാഹുൽ പരിഹസിച്ചു. ഫേസ്ബുക്കിലൂടെയാണ് രാഹുലിന്റെ പരിഹാസം.
അതേസമയം, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പുതിയ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ സ്വപ്‌ന സുരേഷിനെതിരെ പരാതി നൽകി വിജേഷ് പിള്ള. ഡിജിപിക്ക് ഇ-മെയിൽ വഴിയാണ് വിജേഷ് പിള്ള പരാതി നൽകിയിരിക്കുന്നത്. ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോഴാണ് വിജേഷ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വപ്നയെ കണ്ടതും സംസാരിച്ചതും വെബ് സീരിസുമായി ബന്ധപെട്ട കാര്യങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി. 30 കോടി വാഗ്ദാനം ചെയ്തെങ്കിൽ തെളിവ് പുറത്തുവിടട്ടെയെന്നും വിജേഷ് വെല്ലുവിളിച്ചു.
Post Your Comments