തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടിട്ടും ചുടുകട്ട ശേഖരണം പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ കോര്‍പ്പറേഷന്‍. നിരവധി വാര്‍ഡുകളില്‍ നിന്നായി നൂറിലധികം ലോഡ് കട്ടകള്‍ ശേഖരിച്ച് പുത്തരിക്കണ്ടം മൈതാനത്തിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ പാളയം, ഫോര്‍ട്ട്, സെക്രട്ടറിയേറ്റ് ഹെല്‍ത്ത് സര്‍ക്കിളുകളില്‍ ഇനിയും ചുടുകട്ടകള്‍ കിടക്കുന്നുണ്ട്.
Read Also: ബ്രഹ്മപുരം വിഷയം: കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പരിസ്ഥിതി മന്ത്രിയ്ക്ക് കത്തയച്ച് കെ സുരേന്ദ്രൻ
പൊങ്കാല നടന്ന ചൊവ്വാഴ്ച തന്നെ മുഴുവന്‍ കട്ടകളും ശേഖരിക്കുമെന്നായിരുന്നു കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്നുമുണ്ടായ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി 400 വോളന്റിയര്‍മാരെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ 200-ഓളം പേര്‍ മാത്രമാണ് കട്ട ശേഖരിക്കുന്നതിനായി എത്തിയത്. ഇതോടുകൂടി കോര്‍പ്പറേഷന്റെ പദ്ധതി പാളുകായായിരുന്നു. തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ ദിവസ വേതനത്തിന് തൊഴിലാളികളെ നിയോഗിച്ചെങ്കിലും പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല.
ഇന്നലെ ശുചീകരണ തൊഴിലാളികളും കട്ട ശേഖരിക്കുന്നതിന് പങ്കാളികളായെങ്കിലും കട്ട ശേഖരണം പൂര്‍ത്തീകരിക്കാനായിട്ടില്ല. ഇട റോഡുകളില്‍ ഉള്‍പ്പടെ ഇപ്പോഴും കട്ടകള്‍ അവശേഷിക്കുകയാണ്. കട്ടകളില്‍ വാഹനങ്ങള്‍ കയറിയിറങ്ങിയതോടെ കട്ടകള്‍ പൊട്ടി മിക്കയിടത്തും പൊടി ശല്യം രൂക്ഷമായിരിക്കുന്നതായും പരാതി ഉയരുന്നുണ്ട്. ചുടുകട്ടകള്‍ ആവശ്യമുള്ളവര്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി തിങ്കളാഴ്ച വരെ നീട്ടിയിട്ടുണ്ട്. ഇതുവരെ 25 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.
Post Your Comments