വാഷിംഗ്ടണ്‍: 2018ല്‍ വാഷിംഗ്ടണില്‍ നിന്ന് കാണാതായ 4 വയസ്സുകാരിയെ മെക്സിക്കോയില്‍ നിന്ന് കണ്ടെത്തി. ദീര്‍ഘനാളത്തെ തെരച്ചിലിന് ഫലം കണ്ടെന്ന് ബുധനാഴ്ച എഫ്ബിഐ വ്യക്തമാക്കി. 2018ല്‍ കാണാതായ അരാന്‍സ മരിയ ഒച്ചാവ ലോപ്പസ് എന്ന പെണ്‍കുട്ടിയെ ആണ് കണ്ടെത്തിയത്.
അമ്മയുടെ പീഡനം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ഫോസ്റ്റര്‍ കെയര്‍ സംവിധാനത്തിലായിരുന്ന അരാന്‍സയെ അധികാരികളുടെ സാന്നിധ്യത്തില്‍ അമ്മയെ കാണാന്‍ അനുവദിച്ചിരുന്നു. ഈ സമയത്താണ് കുട്ടിയെ കാണാതായത്. ഇത്തരത്തില്‍ 2018ല്‍ ഒരു മാളില്‍ വച്ച് അരാന്‍സയെ കാണാന്‍ അമ്മയ്ക്ക് അനുമതി നല്‍കിയപ്പോള്‍ ആണ് കുട്ടിയെ കാണാതായത്.
ഇവിടെ വച്ച് ശുചിമുറി ഉപയോഗിക്കണമെന്ന് പറഞ്ഞ് അധികൃതരുടെ കണ്ണ് വെട്ടിച്ച് എസ്മരാള്‍ഡ ലോപ്പസ് എന്ന അരാന്‍സയുടെ അമ്മ കുട്ടിയുമായി മോഷ്ടിച്ച വാഹനത്തില്‍ മുങ്ങുകയായിരുന്നു.
കുട്ടിയ്ക്കൊപ്പം കാണാതായ അമ്മയെ ഒരു വര്‍ഷത്തിന് ശേഷം മെക്സിക്കോയിലെ പൂബ്ലയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. അരാന്‍സയെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 10000 ഡോളര്‍ പ്രതിഫലമാണ് എഫ്ബിഐ വാഗ്ദാനം ചെയ്തത്. വാഷിംഗ്ടണിലെ വാന്‍കൂവര്‍ പൊലീസും മെക്സിക്കോയിലെ പൊലീസും സംയുക്തമായി ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്.
എസ്മെരാള്‍ഡയ്ക്കെതിരെ സെക്കന്‍ഡ് ഡിഗ്രി തട്ടിക്കൊണ്ടുപോകല്‍, മോഷണം അടക്കമുള്ള കുറ്റങ്ങള്‍ക്ക് 20 മാസത്തെ ജയില്‍ ശിക്ഷ ലഭിച്ചിരുന്നു. എങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഫോസ്റ്റര്‍ കെയറിലുള്ള കുട്ടികളില്‍ വലിയൊരു ശതമാനം പേരെ തട്ടിക്കൊണ്ടു പോകുന്നത് മാതാപിതാക്കളാണെന്നാണ് ഔദ്യോഗിക കണക്കുകള്‍ വിശദമാക്കുന്നത്.
Post Your Comments