തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ വൈദ്യുതി ഉപയോഗം ദിനംപ്രതി കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസം 86.20 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോക്താക്കള്‍ ഉപയോഗിച്ചത്. പുറത്ത് നിന്നുള്ള വൈദ്യുതിക്ക് കൂടിയ നിരക്ക് നല്‍കേണ്ടതിനാല്‍ രാത്രി ഏഴ് മുതല്‍ പതിനൊന്നുവരെ വൈദ്യുതി ഉപയോഗം കുറയ്ക്കാത്ത പക്ഷം നിരക്ക് വര്‍ദ്ധനവ് നേരിടേണ്ടി വരും. ഇടുക്കി അണക്കെട്ടില്‍ നിലവില്‍ 47 ശതമാനം ജലനിരപ്പ് മാത്രമാണുള്ളത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ജലനിരപ്പാണിത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 70 ശതമാനം ജലനിരപ്പ് അണക്കെട്ടില്‍ ഉണ്ടായിരുന്നു.
സംസ്ഥാനത്ത് പല സ്ഥലങ്ങളിലും താപസൂചിക 45 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു. അമിത ചൂടിന്റെ പശ്ചാത്തലത്തില്‍ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്ന സാഹചര്യമാണുള്ളത്. ഈ മാസം മൂന്ന് ദിവസത്തെ വൈദ്യുതി ഉപയോഗം 85 ദശലക്ഷം യൂണിറ്റ് പിന്നിട്ടു എന്നാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം 86.20 യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28-ന് രേഖപ്പെടുത്തിയ 92.99 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗം ഇതുവരെയുള്ള റെക്കോര്‍ഡില്‍ ഏറ്റവും ഉയര്‍ന്നതാണ്. രാത്രി ഏഴ് മുതല്‍ 11 വരെയാണ് സംസ്ഥാനത്ത് അധിക വൈദ്യുതി ഉപയോഗമുള്ളത്. ഈ സമയത്തെ വൈദ്യുത ഉപയോഗത്തിന് ഡാമുകളില്‍ നിന്ന് മാത്രമുള്ള ആഭ്യന്തര ഉത്പാദനം മതിയാകില്ല. കഴിഞ്ഞ ദിവസം പീക്ക് സമയത്തെ വൈദ്യുത ആവശ്യം 4,284 മെഗാ വാട്ടായിരുന്നു. ഇനിയും ഉപയോഗം കൂടുകയാണെങ്കില്‍ കൂടിയ വിലക്ക് വൈദ്യുതി അധികമായി വാങ്ങേണ്ട സാഹചര്യമുണ്ടാകും. ഇത്തരത്തില്‍ വില്‍ക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 50 രൂപ വരെ ഈടാക്കാമെന്ന് കേന്ദ്ര വൈദ്യുത റഗുലേറ്ററി കമ്മീഷന്‍ വിതരണ കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
Post Your Comments