ലിംഗ സമത്വത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കാറുണ്ടെങ്കിലും പലരും ഇത് യാഥാർത്ഥ്യമാക്കാറില്ല. സ്വന്തം വീടുകളിൽ പോലും ആൺ പെൺ വേർതിരിവ് കാണിക്കാറുള്ളവരാണ് സമൂഹത്തിലുള്ള ഭൂരിഭാഗം പേരും. നീ പെൺകുട്ടിയാണ്, മറ്റൊരു വീട്ടിൽ പോകേണ്ടവളാണ് എന്നിങ്ങനെയുള്ള വാക്കുകൾ കേട്ടാണ് ഓരോ പെൺകുട്ടിയും വളർന്നു വരുന്നത്. എന്നാൽ, ലിംഗ സമത്വം എപ്പോഴും ആരംഭിക്കേണ്ടത് വീട്ടിനുള്ളിൽ നിന്നാണ്.
ആൺകുട്ടിയ്ക്കും പെൺകുട്ടിയ്ക്കും വീട്ടിൽ ഒരേ അവകാശങ്ങളും സ്വാതന്ത്ര്യവുമാണ് നൽകേണ്ടത്. ഭക്ഷണ കാര്യത്തിൽ മുതൽ വിദ്യാഭ്യാസ കാര്യത്തിൽ വരെ തുല്യത ഉറപ്പാക്കണം. നീ മറ്റൊരു വീട്ടിൽ പോകേണ്ടവളാണ്, വീട്ടിലെ എല്ലാ ജോലികളും പെൺകുട്ടികളാണ് ചെയ്യേണ്ടത്, നീ പെണ്ണായതിനാൽ അടങ്ങിയൊതുങ്ങി ജീവിക്കണം തുടങ്ങിയ വാക്കുകളൊന്നും ഒരിക്കലും മാതാപിതാക്കൾ സ്വന്തം മക്കളോട് പറയരുത്. വീട്ടിലെ എല്ലാ ജോലികളും ചെയ്യിക്കേണ്ടത് ആൺ പെൺ വ്യത്യാസമില്ലാതെ ആയിരിക്കണം.
വാഹനമോടിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും താത്പര്യമുള്ള വിഷയങ്ങൾ പഠിക്കാനും ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിലേക്ക് യാത്ര പോകാനുമെല്ലാം പെണ്ണിനും അവകാശമുണ്ടായിരിക്കണം. ഭർത്താവിനൊപ്പം ജോലിയ്ക്ക് പോകാനും സ്വന്തമായി വരുമാനം നേടാനും സ്ത്രീയ്ക്കും അവസരം ലഭിക്കണം.
അടുക്കളയിൽ പാചകം മുതൽ ക്ലീനിംഗ് ജോലികളിൽ വരെ സ്ത്രീകളോടൊപ്പം പുരുഷന്മാരും ഉണ്ടാകണം. ധൈര്യത്തോടെയും കരുത്തോടെയുമായിരിക്കണം പെൺകുഞ്ഞുങ്ങളെ വളർത്തേണ്ടത്. ആണിനെ ബഹുമാനിക്കണമെന്നും പെൺ ഭൂമിയോളം സഹിക്കേണ്ടവളാണെന്ന് പറഞ്ഞു പഠിപ്പിക്കുന്ന ഓരോ രക്ഷിതാക്കളും സ്വന്തം ആൺമക്കളോടും ചിലത് പറയേണ്ടതായുണ്ട്. പെണ്ണിനെ ബഹുമാനിക്കണമെന്നും നിങ്ങൾക്കൊപ്പം തന്നെ തുല്യരാണ് അവരെന്നും ആൺമക്കളെ പഠിപ്പിക്കേണ്ടതും ബോധ്യപ്പെടുത്തേണ്ടതും രക്ഷിതാക്കളാണ്.
-നീതു. എൽ. ആർ
Leave a Comment