ലക്‌നൗ : യു.പിയില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തതിന് ശേഷം എന്‍കൗണ്ടറിലൂടെ കൊലപ്പെടുത്തിയത് 178 കൊടുംക്രിമിനലുകളെയെന്ന് റിപ്പോര്‍ട്ട്.
കഴിഞ്ഞ ആറു വര്‍ഷങ്ങളില്‍ കൊടുംകുറ്റവാളികളായ 178 ലിസ്റ്റഡ് ക്രിമിനലുകളെയാണ് പൊലീസ് വധിച്ചത്. 75,000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പാരിതോഷികം തലയ്ക്ക് പ്രഖ്യാപിക്കപ്പെട്ട ക്രിമിനലുകള്‍ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
2017 മാര്‍ച്ച് 20 നും 2023 മാര്‍ച്ച് 6 നും ഇടയില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ ഭയന്ന് നിരവധി ക്രിമിനലുകളാണ് പൊലീസിന് മുന്നില്‍ കീഴടങ്ങിയിട്ടുള്ളത്. 23,069 കുറ്റവാളികളെ പൊലീസ് ഇക്കാലയളവില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ 4911 പേര്‍ ഏറ്റുമുട്ടലില്‍ പരിക്കേറ്റ നിലയിലാണ് പിടിയിലായത്.
യുപിയില്‍ പൊലീസിനെതിരെ വെടിയുതിര്‍ക്കുകയോ, അക്രമം അഴിച്ചു വിടുകയോ ചെയ്യുന്ന ക്രിമിനലുകള്‍ കാലപുരി പൂകുന്ന പതിവാണുള്ളത്. ക്രിമിനലുകളുടെ ആക്രമണത്തില്‍ പതിനഞ്ചോളം പൊലീസുകാര്‍ക്കാണ് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ജീവന്‍ നഷ്ടമായത്. ഇതിന് കാരണക്കാരായവര്‍ മിക്കവരും പൊലീസിന്റെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പൊലീസുകാരെ മനപ്പൂര്‍വ്വം ആക്രമിച്ച എല്ലാ മാഫിയകള്‍ക്കും കുറ്റവാളികള്‍ക്കും യുപി പൊലീസ് ഉചിതമായ മറുപടി നല്‍കിയിട്ടുണ്ട്. അതേസമയം ഏറ്റുമുട്ടലുകളില്‍ സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും, അതിനാല്‍ 2017 മുതല്‍ യുപിയില്‍ നടത്തിയ ഒരു ഏറ്റുമുട്ടല്‍ പോലും കോടതിയുടെ നിരീക്ഷണത്തില്‍ വന്നിട്ടില്ലെന്നും യു.പി പൊലീസ് വ്യക്തമാക്കി.
ക്രിമിനലുകളെ കൈകാര്യം ചെയ്യാന്‍ തോക്കിനൊപ്പം ബുള്‍ഡോസറുകളും യു.പിയില്‍ ഉപയോഗിക്കാറുണ്ട്. അനധികൃതമായി കൈയ്യൂക്കിന്റെ ബലത്തില്‍ കൈവശപ്പെടുത്തിയ ഭൂമിയില്‍ പടുത്തുയര്‍ത്തുന്ന ക്രിമിനലുകളുടെ വീടുകളാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത്. ഇതിന് പുറമേ ഗുണ്ടാ ആക്ട് ചുമത്തുന്നവരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനും സര്‍ക്കാര്‍ മടിക്കാറില്ല.
Post Your Comments