തിരുവനന്തപുരം: പാസ്പോർട്ട് സേവനത്തിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. പാസ്‌പോർട്ട് സേവ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ബുക്കിംഗ്, രേഖകൾ സമർപ്പിക്കൽ തുടങ്ങിയവ കഴിയുന്നിടത്തോളം നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടർ, മൊബൈൽ ഫോൺ വഴി മാത്രം ചെയ്യണമെന്നും അല്ലെങ്കിൽ വിശ്വസനീയമായ സേവന കേന്ദ്രങ്ങളെ ആശ്രയിക്കണമെന്നും പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളിലൂടെ സമർപ്പിക്കുന്ന നിങ്ങളുടെ രേഖകൾ, ഫോട്ടോ, മൊബൈൽ ഫോൺ നമ്പർ തുടങ്ങിയവ അവരുടെ കമ്പ്യൂട്ടറിൽ ശേഖരിക്കപ്പെടുന്നു. അത് പിന്നീട് ദുരുപയോഗം ചെയ്‌തേക്കാമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
അതേസമയം, പാസ്‌പോർട്ട് സേവാ കേന്ദ്രത്തിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ച യുവതിയിൽ നിന്നും ഓൺലൈൻ കുറ്റവാളികൾ പണം തട്ടിയെടുത്തതായി പോലീസിന് പരാതി ലഭിച്ചിരുന്നു. ഈ പരാതിയിന്മേൽ തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചു. വിദേശത്തേക്ക് പോകുന്നതിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേണ്ടി ട്രാവൽ ഏജൻസി വഴിയായിരുന്നു യുവതി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ വേണ്ടി കൊറിയർ കമ്പനിയിൽ നിന്നാണെന്നു പറഞ്ഞാണ് തട്ടിപ്പുകാർ ബന്ധപ്പെടുക.
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഡെലിവറി ചെയ്യുന്നതിന്, വിലാസം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണെന്ന് പറഞ്ഞ് ഒരു ലിങ്ക് മൊബൈൽ ഫോണിലേക്ക് അയച്ചു നൽകുന്നു. രണ്ടു മണിക്കൂറിനകം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തിരിച്ചയക്കുകയും, റദ്ദാക്കുകയും ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. തുടർന്ന് ആ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുവാൻ നിർദ്ദേശം ലഭിക്കുന്നു. അല്ലെങ്കിൽ പാസ്‌പോർട്ട് ഓഫീസിൽ നിന്നുള്ള കൊറിയർ തിരിച്ചയക്കുമെന്നും, പിസിസി റദ്ദാകുമെന്നും ഭീഷണിപ്പെടുത്തുന്നു. അപ്രകാരം ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ യുവതിയുടെ ബാങ്ക് എക്കൌണ്ടിൽ നിന്നും പണം നഷ്ടപ്പെടുകയായിരുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
* പാസ്‌പോർട്ട് ഓഫീസ് സേവനങ്ങൾ പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ് രജിസ്ട്രേഡ് തപാൽ വഴി മാത്രമാണ് ലഭ്യമാക്കുന്നത്. കൊറിയർ കമ്പനികൾ എന്ന വ്യാജേനയുള്ള ടെലിഫോൺ വിളികളോടും ഭീഷണികളോടും പ്രതികരിക്കരുത്.
* പാസ്‌പോർട്ട്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയവയുടെ പോലീസ് അന്വേഷണ നിജസ്ഥിതി അറിയുന്നതിന് സന്ദർശിക്കുക. https://evip.keralapolice.gov.in/
* വിശ്വസനീയമല്ലാത്ത കേന്ദ്രങ്ങളിൽ നിന്നും അയച്ചു നൽകുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ഇത്തരം ലിങ്കുകൾ വഴി വിദൂര നിയന്ത്രണ ആപ്ലിക്കേഷനുകൾ മുഖേന ബാങ്കിങ്ങ് പാസ് വേഡ്, OTP, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് തുടങ്ങിയ സുപ്രധാന വിവരങ്ങൾ തട്ടിപ്പുകാർ ചോർത്തുന്നു.
* ഓൺലൈൻ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ 1930 ൽ വിളിക്കുക.
Read Also: ആറ്റുകാൽ പൊങ്കാല: സുരക്ഷയൊരുക്കാൻ 3800 പോലീസ് ഉദ്യോഗസ്ഥർ, സജ്ജീകരണങ്ങൾ പൂർത്തിയാക്കി
Post Your Comments