തൃക്കാക്കര: കാമുകന്റെ അവിഹിത ബന്ധം ചോദ്യം ചെയ്ത യുവതിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ. തൃശൂർ മാള സ്വദേശി ഗോപകുമാർ ആണ് അറസ്റ്റിലായത്. ഇയാളുടെ ആക്രമണത്തിൽ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പട്ടിക കൊണ്ടാണ് ഇയാൾ യുവതിയെ മർദ്ദിച്ചത്.
തൃശൂർ സ്വദേശികളായ യുവതിയും യുവാവും സ്‌കൂൾ കാലം മുതൽക്കേ പ്രണയത്തിലായിരുന്നു. ആറുമാസം മുൻപ് രണ്ട് പേരും ഒളിച്ചോടി എറണാകുളത്തെത്തി. നിലവിൽ എറണാകുളത്തെ ഒരു റസ്റ്റോറന്റിൽ ആണ് ഇവർ ജോലി ചെയ്യുന്നത്. പെൺകുട്ടി ഹോസ്റ്റലിലാണ് നിൽക്കുന്നത്. ഇതിനിടെ കാമുകന് വിവാഹിതയായ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് പെൺകുട്ടി മനസിലാക്കി. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് പല തവണ കമിതാക്കൾ വഴക്കുണ്ടാക്കിയിരുന്നു.
വീണ്ടും ബന്ധം തുടർന്നതോടെ പെൺകുട്ടി ബഹളമുണ്ടാക്കി. കഴിഞ്ഞ ദിവസം രാത്രി റസ്റ്റോറന്റിൽ വെച്ച് ഗോപകുമാർ കാമുകിയെ മർദ്ദിച്ചു. ജീവനക്കാർ ഇടപെട്ട് വിഷയം പരിഹരിച്ചു. എന്നാൽ, രാത്രി ഹോസ്റ്റലിൽ എത്തിയ പെൺകുട്ടിയെ ഇയാൾ വീണ്ടും വിളിച്ചിറക്കി കയ്യിൽ കരുതിയിരുന്ന പട്ടിക കൊണ്ട് മർദ്ദിക്കുകയായിരുന്നു. നാട്ടുകാർ ഇടപെട്ടാണ് മർദ്ദനം തടഞ്ഞത്. തുടർന്ന് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments