കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിയൂരിൽ ലഹരി മാഫിയ ക്യാരിയർ ആക്കിയ പെൺകുട്ടിയുടെ അമ്മ രംഗത്ത്. അന്വേഷണം നടക്കുന്ന പോക്സോ കേസിലെ ഇരയെ സംശയിക്കുന്ന തരത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന അംഗീകരിക്കാനാകില്ലെന്ന് അവർ വ്യക്തമാക്കി. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇവർ. തങ്ങളുടെ കേസ് അട്ടിമറിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രിയിൽ നിന്ന് നീതി ലഭിക്കുമെന്ന് കരുതിയിരുന്നുവെന്നും അവർ പറഞ്ഞു.
‘തങ്ങൾ നീതി ലഭിക്കാൻ എവിടെ പോകും? ഡി വൈ എസ് പി ഓഫീസിലേക്ക് വിളിച്ചപ്പോൾ ശാസ്ത്രീയ പരിശോധന ഫലം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ അന്വേഷണം പൂർത്തിയാകൂ എന്നാണ് പറഞ്ഞത്. അതിനിടയിലാണ് പ്രതിയാണെന്നു പറയുന്ന ആളെ നിരപരാധി ആണെന്ന് മുഖ്യമന്ത്രി പറയുന്നത്. ലഹരി മാഫിയക്ക് പിന്നിൽ വൻ കണ്ണികളാണ് ഉള്ളത്. അന്വേഷണം പൂർത്തിയാകും മുമ്പ് മുഖ്യമന്ത്രി ഇങ്ങനെ പറയുന്നത് ശരിയായില്ല. ഇരയായ കുട്ടികൾ മുന്നോട്ട് പരാതിയുമായി വരില്ല. വന്നാൽ ഇതല്ലേ അവസ്ഥ? തങ്ങളുടെ കേസ് അട്ടിമറിക്കപ്പെട്ടു. ഇങ്ങനെ ഒരു സംഭവം നടന്നാൽ കുട്ടിയെ സംരക്ഷിക്കുകയല്ലാതെ വിഷയം മുഴുവനായും മൂടിവെക്കുന്നത് ശരിയല്ല. മുഖ്യമന്ത്രിയിൽ നിന്നും നീതി കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്നു, അതുണ്ടായില്ല’, യുവതി പറഞ്ഞു.
Post Your Comments