തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കുള്ള ഭവനനിർമ്മാണത്തിന് വേണ്ടി ശേഖരിക്കുമെന്ന മേയർ ആര്യ രാജേന്ദ്രന്റെ പ്രഖ്യാപനം സോഷ്യൽ മീഡിയകളിൽ വൻ ട്രോളുകൾക്കും പരിഹാസങ്ങൾക്കും കാരണമായി. രാഷ്ട്രീയ നേതാക്കൾ അടക്കം ആര്യയുടെ തീരുമാനത്തെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ഭക്തർ പൈസ കൊടുത്ത് വാങ്ങിക്കൊണ്ടുവരുന്ന കലം പൊങ്കാല അർപ്പിച്ച് കഴിയുമ്പോൾ ഭക്തർക്ക് തിരിച്ച് കൊണ്ടുപോകാൻ കഴിയില്ലേ എന്ന സംശയവും ചിലർ ഉന്നയിച്ചിരുന്നു. ഇതിൽ വ്യക്തത വരുത്തി കോർപ്പറേഷൻ രംഗത്തെത്തുകയും ചെയ്തു.
ഭക്തർ പൊങ്കാലയ്ക്കായി കൊണ്ടുവരുന്ന ഏതൊരു വസ്തുവും തിരികെ കൊണ്ടുപോകാൻ അവർക്ക് എല്ലാ അവകാശമുണ്ടെന്നും അത് തടയില്ലെന്നുമാണ് കോർപ്പറേഷന്റെ വക വിശദീകരണം. എന്നാൽ പിന്നെ മേയർ ആര്യയ്ക്ക് ഇതങ്ങ് വ്യക്തമായി പറഞ്ഞാൽ പോരായിരുന്നോ എന്നാണ് മറുപക്ഷത്തിന്റെ ചോദ്യം. ആറ്റുകാൽ പൊങ്കലയ്ക്ക് ശേഷം ഉപേക്ഷിക്കുന്ന ഇഷ്ടികകൾ ശേഖരിക്കുന്നതിന് പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന പ്രത്യേക അറിയിപ്പ് കോർപ്പറേഷന് ഇടേണ്ട സാഹചര്യം ഉണ്ടാകില്ലായിരുന്നുവല്ലോ എന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.
Also Read:കാമുകനൊപ്പം ഒളിച്ചോടി, കാമുകന്റെ മറ്റൊരു ബന്ധം ചോദ്യം ചെയ്ത യുവതിക്ക് ക്രൂര മർദ്ദനം: അറസ്റ്റ്
പൊങ്കാല സുഗമമായി അർപ്പിക്കുന്നതിനും ഭക്തർക്ക് നഗരത്തിൽ വന്നു തിരിച്ചുപോകുന്നതിനും എല്ലാ ക്രമീകരണങ്ങളും നഗരസഭ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കോർപ്പറേഷൻ വ്യക്തമാക്കി. പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് പോലെതന്നെ പ്രധാനമാണ് പൊങ്കാല അടുപ്പിനായി ഉപയോഗിക്കുന്ന ചുടുകല്ലുകൾ നീക്കം ചെയ്യുന്നതും. ഭക്തർ ഉപേക്ഷിക്കുന്ന ചുടുകല്ല് ഉൾപ്പെടെയുള്ള വസ്തുവകകൾ ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള ചുമതലയും അധികാരവും കേരള മുൻസിപാലിറ്റി ആക്ട് 330 പ്രകാരം നഗരസഭക്കാണ്. മുൻവർഷങ്ങളിൽ ഇത്തരത്തിൽ പൊങ്കാല അടുപ്പിന് ഉപയോഗിക്കുന്ന ചുടുകല്ലുകൾ ശേഖരിച്ച് മറിച്ച് വിൽക്കുന്ന ലോബികൾ ഉണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് ഒഴിവാക്കുന്നതിനും കൂടാതെ ഇത്തരത്തിൽ ശേഖരിക്കുന്ന ചുടുകല്ലുകൾ പുനരുപയോഗിച്ച് മുൻഗണനാ ക്രമത്തിൽ വിവിധ ഭവനപദ്ധതികൾക്ക് (ലൈഫ് ഉൾപ്പെടെയുള്ള) ഉപയോഗപ്പെടുത്തുന്നതാണെന്ന് കോർപ്പറേഷൻ ചൂണ്ടിക്കാട്ടി.
ചുടുകളുമായി ബന്ധപ്പെട്ട പുതിയ പദ്ധതിയും ചുടുകല്ല് ശേഖരണവും ഇത്രയും വ്യക്തമായി മുൻപ് തന്നെ പറഞ്ഞിരുന്നുവെങ്കിലും സംശയത്തിന്റെയോ ട്രോളുകളുടെയോ ആരംഭം ഉണ്ടാകില്ലായിരുന്നുവല്ലോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. കല്ല് ആരെങ്കിലും മോഷ്ടിച്ച് കൊണ്ട് പോകുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി പ്രത്യേക സ്ക്വാഡിനെ വരെ നിയോഗിക്കുമെന്ന മേയറുടെ പ്രഖ്യാപനമാണ് പരിഹാസത്തിന് കാരണമായത്.
ശുചീകരണ വേളയിൽ തന്നെ കല്ലുകൾ ശേഖരിക്കും. നഗരസഭ ബുക്ക് ചെയ്ത ഈ കല്ലുകൾ അനധികൃതമായി ആരെങ്കിലും കൊണ്ടുപോയാൽ അവർ പിഴ അടയ്‌ക്കേണ്ടതായും വരും. എന്നാൽ, സ്വന്തം കാശ് കൊടുത്ത് വാങ്ങിക്കൊണ്ട് വരുന്ന അടുപ്പ് കല്ല് പൊങ്കാല ഇട്ടശേഷം ഭക്തർ തിരിച്ച് കൊണ്ട് പോയാൽ അത് കുറ്റമാകുമോ എന്നായിരുന്നു സോഷ്യൽ മീഡിയയുടെ സംശയം. ഇതിനാണ് ഇപ്പോൾ കോർപ്പറേഷൻ കൃത്യമായ നിലപാട് അറിയിച്ചത്.
Post Your Comments