തിരുവനന്തപുരം: പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ സി.ഐ എ.വി.സൈജുവിന് ഉന്നത ഉദ്യോഗസ്ഥരുടെ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന ആരോപണം ശക്തമാകുന്നു. സർജറി കഴിഞ്ഞ് കിടക്കുകയായിരുന്ന വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തുവെന്നാണ് സൈജുവിനെതിരായ ആദ്യ കേസ്. പിന്നാലെ കുടുംബ സുഹൃത്തായിരുന്ന യുവതിയെ നിരന്തരം പീഡിപ്പിച്ചുവെന്ന കേസും ഇയാൾക്കെതിരെ ഉയർന്നിരുന്നു. രണ്ട് കേസിലും സൈജുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
വ്യാജ രേഖ സമര്‍പ്പിച്ച് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ആണ് ഇയാൾ ജാമ്യം നേടിയതെന്നാണ് ഉയരുന്ന ആരോപണം. സൈജുവിന്റെ ജാമ്യം റദ്ദാക്കാന്‍ കാട്ടാക്കട കോടതിയും വിസമ്മതിച്ചിരിക്കവേ സൈജു സസുഖം ഒളിവില്‍ തുടരുകയാണ്. ക്രിമിനല്‍ കേസുണ്ടായിട്ടും സൈജുവിനെ ഇതുവരെ സർവീസിൽ നിന്നും പുറത്താക്കിയിട്ടില്ല എന്നത്, ഇയാൾക്ക് മുകളിൽ നിന്നും പിന്തുണ ലഭിക്കുന്നുവെന്നതിന്റെ സൂചനയാണ്. സസ്പെന്ഷന് ലഭിച്ചു, അന്വേഷണം നടക്കുന്നു എന്നല്ലാതെ വേറെ നടപടിയൊന്നും ഇതേവരെ വന്നില്ല.
പോലീസിന്റെ പുറത്താകല്‍ ലിസ്റ്റില്‍ സൈജു ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാർത്തകൾ ഉണ്ടെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. വനിതാ ഡോക്ടര്‍ നല്കിയ ബലാത്സംഗക്കേസില്‍ ഹൈക്കോടതി നല്കിയ ജാമ്യവ്യവസ്ഥയില്‍, ഈ സമയത്ത് വേറെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടാല്‍ ജാമ്യം റദ്ദാകും എന്ന് കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനു ശേഷമാണ് നെടുമങ്ങാട് സ്വദേശിനി ബലാത്സംഗക്കേസുമായി സൈജുവിന് എതിരെ രംഗത്ത് വന്നത്. പക്ഷെ ജാമ്യം നിലനില്‍ക്കുന്ന പിരീഡില്‍ അല്ല പീഡനം നടന്നത് എന്ന സാങ്കേതിക വാദം സൈജുവിന് തുണയായി. ഇതോടെയാണ് ഇയാൾക്ക് ജാമ്യം ലഭിച്ചത്.
Post Your Comments