കണ്ണൂർ: നടന്‍ സുരേഷ് ഗോപിയുടെ ചാരിറ്റി പ്രവർത്തനങ്ങൾ രാഷ്ട്രീയത്തിന് വേണ്ടിയാണെന്ന് ആരോപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വിമർശിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. ചാരിറ്റിയെ രാഷ്ട്രീയമായി കൂട്ടുന്നത് ശരിയല്ലെന്നും, അത് തെറ്റാണെന്നും വിമർശിച്ച ഗോവിന്ദൻ, തൃശ്ശൂരില്‍ 365 ദിവസം ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചാലും സുരേഷ് ഗോപി ജയിക്കില്ലെന്നും പരിഹസിച്ചിരുന്നു. ഇതിനുള്ള മറുപടിയുമായിട്ടാണ് സന്ദീപ് വാര്യർ രംഗത്തെത്തിയത്. സുരേഷ് ഗോപി ഒരിക്കലും അദ്ദേഹത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്തിയിട്ടില്ലെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു.
തെരഞ്ഞെടുപ്പിൽ ജയിക്കാനാണെങ്കിൽ അദ്ദേഹം അദ്ധ്വാനിച്ച് ഉണ്ടാക്കുന്ന പണം, ഇടമലക്കുടിയിലും വയനാട്ടിലും അട്ടപ്പാടിയിലും ഒന്നും ചെലവാക്കേണ്ട കാര്യമില്ലല്ലോ എന്നും സന്ദീപ് വാര്യർ ചോദിക്കുന്നു. നാട്ടുകാരിൽ നിന്ന് പിരിച്ചോ അഴിമതി കാണിച്ചോ അല്ല സുരേഷ് ഗോപി ജനങ്ങളെ സഹായിക്കുന്നത്. ഇന്നേ വരെ ഒരാളെയും ആ മനുഷ്യൻ ദ്രോഹിച്ചിട്ടില്ല. ആരെയും കൊല്ലാൻ ആളെ പറഞ്ഞയച്ചിട്ടില്ല. സുരേഷ് ഗോപിയെ അവഹേളിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ധാർഷ്ട്യത്തെ മനുഷ്യസ്നേഹികൾ അംഗീകരിക്കില്ലെന്നും സന്ദീപ് വാര്യർ പറയുന്നു.
സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
താൻ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളിൽ സുരേഷ് ഗോപി എവിടെയെങ്കിലും രാഷ്ട്രീയം കലർത്തിയിട്ടുണ്ടോ ? തെരഞ്ഞെടുപ്പിൽ ജയിക്കാനാണെങ്കിൽ അദ്ദേഹം അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം ഇടമലക്കുടിയിലും വയനാട്ടിലും അട്ടപ്പാടിയിലും ഒന്നും ചെലവാക്കേണ്ട കാര്യമില്ലല്ലോ , തൃശൂരിൽ ചിലവാക്കി വോട്ട് പിടിക്കാവുന്നതേ ഉള്ളൂ . നാട്ടുകാരിൽ നിന്ന് പിരിച്ചോ അഴിമതിപണം കൊണ്ടോ അല്ല സുരേഷ് ഗോപി പാവങ്ങളെ സഹായിക്കുന്നത് . ആ മനുഷ്യൻ സ്വന്തം കഴിവ് കൊണ്ട് പ്രയത്‌നിച്ചുണ്ടാക്കുന്ന പണമാണ് ഒരു ഭ്രാന്തനെ പോലെ ജനങ്ങൾക്ക് വീതിച്ചു നൽകുന്നത് . അമ്മമാരുടെ കണ്ണീരിനു മുന്നിൽ , കുഞ്ഞുങ്ങളുടെ വേദനകൾക്ക് മുന്നിൽ ആ മനുഷ്യൻ കീഴടങ്ങിപ്പോവും . തന്നിലുള്ളത് മുഴുവൻ ആ നിമിഷം നൽകാൻ തയ്യാറാവും . ഇന്നേ വരെ ഒരാളെയും ആ മനുഷ്യൻ ദ്രോഹിച്ചിട്ടില്ല . ആരെയും കൊല്ലാൻ ആളെ പറഞ്ഞയച്ചിട്ടില്ല , ആന്തൂർ സാജനെപ്പോലുള്ളവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചിട്ടില്ല … പിന്നെന്തിനാണ് ഗോവിന്ദൻ മാഷ് സുരേഷ് ഗോപിയെ അപമാനിക്കുന്നത് ? സുരേഷ് ഗോപിയെ അവഹേളിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ധാർഷ്ട്യത്തെ മനുഷ്യസ്നേഹികൾ അംഗീകരിക്കില്ല .
Post Your Comments