KeralaLatest NewsNews

‘ആ കമ്മ്യൂണിസമാണ് നമുക്ക് വേണ്ടത്, റിയൽ കമ്മ്യൂണിസം, ഞാന്‍ കളത്തിലേക്ക് ഇറങ്ങുകയായി’: കട കത്തിക്കും മുൻപ് രാജേഷ് പറഞ്ഞു

കൊച്ചി: കട കത്തിക്കുമെന്ന് ഫേസ്ബുക്ക് ലൈവിൽ പ്രസംഗിച്ച ശേഷം ലോട്ടറി ഏജന്‍സിക്കടയില്‍ കയറി പെട്രോളൊഴിച്ച് കടയ്ക്ക് തീയിട്ട രാജേഷിന്റെ പരുമാറ്റത്തിൽ സംശയം. തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡില്‍ മീനാക്ഷി ലോട്ടറീസില്‍ ആണ് സംഭവം. സി.പി.എം അനുഭാവിയായ രാജേഷ് ആണ് യാതൊരു ഭയമോ മടിയോ കൂടാതെ കട കത്തിച്ചത്. ഇയാളെ സംഭവസ്ഥലത്ത് വെച്ച് തന്നെ പോലീസ് പിടികൂടിയിരുന്നു. രാജേഷിന് മാനസിക പ്രശ്നങ്ങൾ ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കും. രാജേഷിന്റെ വീഡിയോ വൈറലായതോടെ, സമൂഹത്തിൽ റിയൽ കമ്മ്യൂണിസം വരാനായി ഇറങ്ങിപ്പുറപ്പെട്ട ‘സഖാവി’നെ ട്രോളി സോഷ്യൽ മീഡിയയും രംഗത്തെത്തി.

കട കത്തിക്കും മുൻപ് രാജേഷ് വീഡിയോയിൽ പറഞ്ഞത് ഇങ്ങനെ;

‘സുഹൃത്തുക്കളെ, തൃപ്പൂണിത്തുറ മീനാക്ഷി ഏജന്‍സീസ് ഞാന്‍ ഇന്ന് കത്തിക്കുകയാണ്. എന്റെ അമ്മ, പെങ്ങന്‍മാര്‍ സഹോദരങ്ങള്‍ അവര്‍ക്കും ജീവിക്കണം. മീനാക്ഷി ഏജന്‍സീസ് ഏകദേശം 3000 ടിക്കറ്റുകളുടെ കച്ചവടമാണ്. ഹോള്‍സെയില്‍ കച്ചവടം വേറെ. കോടികളുടെ ഓണ്‍ലൈന്‍ ബിസിനസ് വേറെ. അമ്മ, പെങ്ങന്‍മാരുടെ ടിക്കറ്റുകള്‍ ദിവസവും ബാക്കിയാണ്. അപ്പം ഇന്ന് ആറുമണിക്ക് മീനാക്ഷി ഏജന്‍സീസ് കത്തുകയാണ്. ആര്‍ക്കു വേണമെങ്കിലും വരാം, ആര്‍ക്ക് വേണമെങ്കിലും വീഡിയോ ചെയ്യാം. കത്തിക്കാന്‍ പോകുന്നത് ഞാനാണ്. എന്റെ പേര് രാജേഷ്. നിങ്ങള്‍ തീരുമാനിക്കുക, ഇത്തരം കുത്തക മുതലാളിത്വം നമുക്ക് ആവശ്യമുണ്ടോ. റിയല്‍ കമ്യൂണിസം, ഇഎംഎസ് ഭരിച്ച ആ കമ്യൂണിസമാണ് നമുക്ക് വേണ്ടത്. ജനങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന സഖാക്കളെയാണ് നമുക്ക് ആവശ്യം. അല്ലാതെ ജനങ്ങളെ പോക്കറ്റടിക്കുന്ന സഖാക്കളെ അല്ല നമുക്ക് ആവശ്യം. ഒരു കുത്തക മുതലാളിത്വവും രാജേഷ് എന്ന ഞാന്‍ ജീവിച്ചിരിക്കുന്ന കാലം നടക്കില്ല. നിങ്ങളിലെ ഒരുവനായി രാജേഷ് കളത്തിലേക്ക് ഇറങ്ങുകയായി. ആറ് മണിക്ക് വൈകിട്ട്’.

തൃപ്പൂണിത്തുറ നഗരമധ്യത്തിലായിരുന്നു സംഭവം. രാജേഷിന്റെ കടന്നാക്രമണത്തിൽ കടയിലെ ജീവനക്കാരുടെ ദേഹത്തും പെട്രോള്‍ വീണിരുന്നു. സൈക്കിളില്‍ ലോട്ടറി വില്‍പ്പന നടത്തിവരികയായിരുന്നു രാജേഷ്. സമാന രീതിയിൽ മറ്റ് പലരും ഇവിടെ ലോട്ടറി വിൽക്കുന്നുണ്ട്. എന്നാൽ, പ്രസ്തുത കടയ്ക്ക് ബിസിനസ് ലാഭമാണെന്നും രാജേഷ് അടക്കമുള്ളവർക്ക് വേണ്ടത്ര പണം ലഭിക്കുന്നില്ലെന്നും സൂചനയുണ്ട്. ഇതേത്തുടർന്നാണ് രാജേഷ് മീനാക്ഷി ഏജൻസീസ് കത്തിച്ചതെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. കടയിൽ ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി പറയുന്നു. പരിഭ്രാന്തരായെങ്കിലും ജീവനക്കാര്‍ ഉടന്‍ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാല്‍ മറ്റ് അപകടങ്ങള്‍ ഉണ്ടായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button