ഏകദേശം മുപ്പത് വർഷങ്ങൾക്ക് മുമ്പ് ഇതുപോലൊരു പ്രക്ഷോഭത്തിനൊടുവിലായിരുന്നു മിഖായേൽ ഗോർബച്ചേവിന്റെ അപ്രതീക്ഷിതമായ ആ പ്രഖ്യാപനം. ടെലിവിഷനിൽ തൽസമയം സംപ്രേഷണം ചെയ്ത പത്തുമിനിറ്റ് പ്രസംഗത്തിനൊടുവിൽ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതായും യുഎസ്എസ്ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഇല്ലാതായതായും അദ്ദേഹം പ്രഖ്യാപിച്ചു. പിറ്റേന്ന് വൈകിട്ട് 7.32ന് മോസ്കോയിലെ ക്രംലിൻ കൊട്ടാരത്തിനു മുകളിലെ ചൊങ്കൊടി താഴ്ത്തി പ്രസിഡന്റ് ബോറിസ് യെൽസിൻ റഷ്യൻ ഫെഡറേഷന്റെ മൂവർണക്കൊടി ഉയർത്തി. ഏഴു പതിറ്റാണ്ടിലേറെ കമ്മ്യൂണിസത്തിന്റെ ഇരുമ്പുമറയ്ക്കുള്ളിൽ ഒതുക്കപ്പെട്ട രഹസ്യങ്ങളുടെ ചുരുളഴിഞ്ഞപ്പോൾ തെളിഞ്ഞുവന്നത് ദാരിദ്ര്യത്തിന്റെ ചിത്രമായിരുന്നു. ലോകത്തിന്റെ മുഖച്ഛായ മാറ്റിയ ആ ചരിത്രസംഭവങ്ങൾ വീണ്ടും ക്യൂബയിലൂടെ പുനരവതരിക്കുന്നു. ചരിത്രം വീണ്ടും ആവർത്തിക്കുന്നു !
ഭക്ഷണത്തിനും മരുന്നിനുമായി ഇറക്കുമതിയെ കൂടുതലായി ആശ്രയിച്ചിരുന്ന ക്യൂബ, കൊവിഡ് സംബന്‌ധിയായ യാത്രാ ഉപരോധങ്ങളെ തുടർന്ന് ക്ഷാമസമാനമായ സാഹചര്യത്തിലേക്ക് കൂപ്പു കുത്തി. ജനങ്ങളെ സഹായിക്കാനെന്ന നിലയിൽ നടപ്പാക്കിയ പുതിയ സാമ്പത്തിക നയം സമ്പൂർണ പരാജയമായി. മടുത്ത് മടുത്ത് മടുപ്പിന്റെ ഒടുക്കം എതിർപ്പിന്റെ വഴികൾ തെരഞ്ഞെടുക്കാൻ ക്യൂബൻ ജനത തീരുമാനിച്ചത് ചരിത്രത്തിന്റെ നിയോഗം. പന്ത്രണ്ട് മണിക്കൂറിലേറെ സമയം ഭക്ഷണത്തിനും മരുന്നിനുമായി പൊരിവെയിലിൽ, തെരുവിൽ വരിയായി നിൽക്കേണ്ടി വരുന്ന ജനങ്ങൾ ലോകജനതയോട് ചൂണ്ടികാണിക്കുന്നത് ഒരു ഭരണകൂടത്തിന്റെ പരാജയമാണ്. തങ്ങൾക്ക് വേണ്ടത് ഭരണകൂടത്തിന് ലഭ്യമാക്കാനാവുന്നില്ലെങ്കിൽ ജനങ്ങൾ പ്രക്ഷുബ്ദരാകും. സോവിയറ്റ് യൂണിയന്റെ പതനത്തിന് കാരണമായ അതേ ഭരണനയം ഇക്കാലത്തും തുടർന്ന് പോകുന്നതിൽ അപാകത തോന്നാത്ത ഭരണകൂടത്തിനെതിരെ ക്യൂബയിലെ ജനങ്ങൾ തിരിഞ്ഞു. സ്വാഭാവികം! 2020-ൽ രാജ്യത്തിന്റെ സമ്പദ്ഘടന നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന അവസ്ഥയിലെത്തിയതിന്റെ കാരണം സോവിയറ്റ് യൂണിയൻ മോഡൽ ഭരണനയമെന്ന് ചിന്തിക്കുന്ന പുതിയ തലമുറ മനസ്സിലാക്കിയപ്പോൾ പ്രക്ഷോഭം അനിവാര്യമായി.
Also Read:ഇനി പോരിനില്ലെന്ന് ചൈന: ഇന്ത്യയുമായി സമാധാനം പുനഃസ്ഥാപിക്കും?
1994-ൽ ക്യൂബയിലെ ജനങ്ങൾ പ്രക്ഷോഭവുമായി ഹവാനയിലേയും സാന്റിയാഗോയിലേയും തെരുവുകളിലേക്കിറങ്ങിയത് ഭരണാധികാരിയായ ഫിദൽ കാസ്ട്രോയുടെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു. എന്നാൽ പട്ടിണിയും ദാരിദ്ര്യവും ഇത്രമേൽ ഇല്ലാത്തതിനാൽ അത് കമ്മ്യൂണിസം തുലയട്ടെ എന്ന ആഹ്വാനത്തിലെത്തിയില്ല. എന്നാൽ 2021 ൽ എത്തിയപ്പോൾ കമ്മ്യൂണിസമെന്ന പ്രാകൃത തത്വ ശാസ്ത്രമാണ് തങ്ങളുടെ ഏറ്റവും വലിയ ശത്രുവെന്ന് ക്യൂബൻ ജനത തിരിച്ചറിഞ്ഞു. കാസ്ട്രോയിസ(Castroism)ത്തിനെതിരെയുള്ള വിപ്ളവഗാനം ‘പാട്രിയ വൈ വിദ’ പ്രക്ഷോഭകർ പാടിക്കൊണ്ടേയിരിക്കുന്നു. മോചനം വേണമെന്നും കമ്മ്യൂണിസം ഇല്ലാതാകണമെന്നും തങ്ങൾ ഭയപ്പെടില്ലെന്നും അവർ വിളിച്ചു പറയുന്നു.
പതിനായിരങ്ങൾ വീണ്ടും പ്രക്ഷോഭവുമായി ക്യൂബൻ നിരത്തുകളിലേക്കിറങ്ങുമ്പോൾ, കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ ‘സ്വേച്ഛാധിപത്യം തുലയട്ടെ’ എന്ന മുദ്രാവാക്യം ഉച്ചത്തിൽ മുഴങ്ങുമ്പോൾ, അവശേഷിക്കുന്ന ചുരുക്കം കമ്മ്യൂണിസ്റ്റ് ആധിപത്യരാജ്യങ്ങളിലൊന്നായ ക്യൂബയിൽനിന്നു കൂടി കമ്മ്യൂണിസം ചരിത്രവിസ്മൃതിയിലേക്ക് ഒടുങ്ങുന്നു. ക്യൂബന്‍ വിപ്ലവത്തോടെ ഫിദല്‍ കാസ്‌ട്രോ തുടക്കമിട്ട, പാര്‍ട്ടിനേതൃത്വത്തിലെ 60 വർഷത്തെ കാസ്‌ട്രോ യുഗത്തിനൊപ്പം കമ്മ്യൂണിസവും മൺമറയാനൊരുങ്ങുന്നു.
Also Read:മദ്യവില്‍പ്പന ശാലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂട്ടാന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി
കമ്മ്യൂണിസം അഥവാ സോഷ്യലിസ്റ്റ് ആശയം ഏറ്റവും നല്ലത് പുസ്തകത്തിൽ മാത്രമാണ് ; എന്നാൽ , ഏറ്റവും ഹീനമാണ് പ്രയോഗത്തിലെന്ന് ചരിത്രം ആവർത്തിച്ചോർമ്മിപ്പിക്കുന്നു. ക്യൂബയില്‍ വിപ്ലവം ഒരു പുരാവസ്തുവായി മാറുമ്പോൾ , ചൈന, വിയറ്റ്‌നാം, ലാവോസ് എന്നിവിടങ്ങളിലെ കമ്മ്യൂണിസം ക്യാപിറ്റലിസമായി അവസ്ഥാന്തരപ്പെട്ടപ്പോൾ , ഉത്തരകൊറിയയില്‍ കമ്മ്യൂണിസം ആണവ ആയുധങ്ങള്‍ക്കൊപ്പം നടക്കുമ്പോൾ ഇങ്ങ് തെക്ക് പാവയ്ക്കാ ഷേപ്പിലുള്ളൊരു പ്രദേശത്ത് അത് ധാർഷ്ട്യത്തിന്റെ ഒരു തരി കനലായി മാത്രം ഇന്ത്യയിൽ അവശേഷിക്കുന്നു. കമ്മ്യൂണിസ്റ്റ് ഭരണം തുടർച്ചയായി എവിടെയൊക്കെ ഉണ്ടായിരുന്നുവോ അവിടെയെല്ലാം അത് തീർത്തും നാമാവശേഷമായി ഒടുങ്ങി എന്ന് ചരിത്രം തുറന്നുകാട്ടുമ്പോഴും ബംഗാൾ ഒരു വലിയ പാഠമായി മുന്നിൽ കിടക്കുമ്പോഴും ഇവിടെ ഈ കേരളത്തിൽ മാത്രം ക്യൂബാ മുകുന്ദൻമാർക്ക് മാറ്റമില്ല. അവരിപ്പോഴും ക്യൂബൻ വാക്സിനുകൾ സ്വപ്നം കണ്ട് ക്യൂവിൽ നില്പ്പുണ്ട് എന്നതിലാണ് നൂറു ശതമാനം പ്രബുദ്ധത !
Post Your Comments