ഇരട്ടയാർ: കൃഷി ഭവനിൽ ഓഫീസിന്റെ വാതിൽ തകർത്ത് മോഷണ ശ്രമം. ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് ജീവനക്കാർ മോഷണ ശ്രമ വിവരം അറിയുന്നത്. പ്രധാന വാതിലിന്റെ ലോക്ക് തകർത്ത നിലയിലായിരുന്നു.
ഇന്നലെ രാവിലെ 10 ഓടെയാണ് മോഷണശ്രമം പുറത്തറിഞ്ഞത്. ഉടനെ ഉദ്യോഗസ്ഥർ വിവരം കട്ടപ്പന പൊലീസിൽ അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് എത്തി നടത്തിയ പരിശോധനയിൽ അകത്തുണ്ടായിരുന്ന അലമാരകളും കുത്തി തുറന്ന നിലയിൽ കണ്ടെത്തി.
എന്നാൽ, ഇതിനുള്ളിൽ ഉണ്ടായിരുന്ന രേഖകളോ മറ്റ് വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു.
ഇരട്ടയാർ തങ്കമണി റൂട്ടിൽ ടൗണിൽ നിന്നും ഒരു കിലോമീറ്ററോളം മാറിയാണ് കൃഷി ഭവൻ പ്രവർത്തിക്കുന്നത്. ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Post Your Comments