കൊച്ചി: സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കൂടി കടുത്ത ചൂട് തുടരും. പകല്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് സാധാരണയെക്കാള്‍ അഞ്ച് ഡിഗ്രി കൂടുതലാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശം പിന്‍വലിച്ചിട്ടില്ല. സൂര്യാതപം, നിര്‍ജലീകരണം എന്നിവ വരാതെ ശ്രദ്ധിക്കണമെന്നും രണ്ടുദിവസത്തിനകം ചൂട് കുറയുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.
മാര്‍ച്ചിന്റെ തുടക്കത്തില്‍ തന്നെ ചൂട് ഇത്രയധികമായാല്‍ മുന്നോട്ട് എന്താകുമെന്ന് വലിയ ആശങ്ക നിലനില്‍ക്കുന്നു. ഫെബ്രുവരിയില്‍ രാജ്യത്ത് കൂടുതല്‍ ചൂടനുഭവപ്പെട്ട സ്ഥലങ്ങളില്‍ കണ്ണൂരുമുണ്ട്. ജില്ലയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ 35 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണു താപനില. കണ്ണൂര്‍, കാസര്‍ഗോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രത്യേക ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഈ ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില 36 മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പാലക്കാട് ഇന്നലെ ഉയര്‍ന്ന താപനില 38.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു. കോഴിക്കോട് – 35.2, കൊച്ചി – 33.4, ആലപ്പുഴ – 34.2, തിരുവനന്തപുരം- 32.8 എന്നിങ്ങനെയായിരുന്നു ഉയര്‍ന്ന താപനില. ഇതു തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരെ വലയ്ക്കുന്നുണ്ട്. സൂര്യാഘാത സാധ്യത കണ്ട് ലേബര്‍ കമ്മീഷണര്‍ തൊഴില്‍ സമയം പുനഃക്രമീകരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. മലബാര്‍ മേഖലയില്‍ പലയിടത്തും രാത്രി കാലങ്ങളിലും അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. രാത്രി താപനിലയും പകല്‍ താപനിലയും തമ്മില്‍ വലിയ അന്തരം അനുഭവിക്കുന്നുണ്ട്. 10 ഡിഗ്രിയിലേറെ വ്യത്യാസം അനുഭവപ്പെട്ടാല്‍ തന്നെ അതു വളരെ വരണ്ട കാലാവസ്ഥയുള്ള സ്ഥലങ്ങളിലേതിനു സമാനമാകും.
മൂന്നാറില്‍ 22.91 ഡിഗ്രി സെല്‍ഷ്യസ് ഇന്നലെ രേഖപ്പെടുത്തി. രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് കഴിയുന്നതും ഒഴിവാക്കണം. നിര്‍ജലീകരണവും സൂര്യാതപവും ഉണ്ടാകാതെ ശ്രദ്ധിക്കണം. പുറത്ത് ജോലി ചെയ്യുന്നവര്‍ വെയില്‍ അധികമുള്ള സമയം ഒഴിവാക്കി ജോലിസമയം ക്രമീകരിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.
Post Your Comments