പട്ടാമ്പി: വിളയൂരിൽ വീട്ടിൽ നിർത്തിയിട്ട കാറിൽ നിന്ന് ഒമ്പത് കിലോ കഞ്ചാവും ആറ് ഗ്രാം മെത്താഫിറ്റമിനും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വിളയൂർ കണ്ടേങ്കാവ് ചിറതൊടി വീട്ടിൽ സഹദ് എന്ന സെയ്തലവിയെ ആണ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച പുലർച്ച 1.45-ന് ആണ് കാറിൽ നിന്ന് നിരോധിത ലഹരി ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. എക്സൈസ് കമീഷണറുടെ ഉത്തരമേഖല സ്ക്വാഡും പാലക്കാട്, മലപ്പുറം എക്സൈസ് ഇൻറലിജൻസ് ടീമുകളും പട്ടാമ്പി റേഞ്ച് എക്സൈസ് സംഘവും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് നിരോധിത ലഹരി ഉൽപന്നങ്ങൾ പിടിച്ചെടുത്തത്.
കമീഷണറുടെ ഉത്തര മേഖല സ്ക്വാഡ് ഇൻസ്പെക്ടർ ഷിജുമോൻ, മലപ്പുറം ഐ.ബി ഇൻസ്പെക്ടർ മുഹമ്മദ് ഷഫീക്ക്, പാലക്കാട് ഐ.ബി ഇൻസ്പെക്ടർ നൗഫൽ, മലപ്പുറം ഐ.ബി.പി.ഒ ഷിബു, പാലക്കാട് ഐ.ബി.പി.ഒമാരായ ആർ.എസ്. സുരേഷ്, വിശ്വകുമാർ, പട്ടാമ്പി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ഹാരിഷ്, പ്രിവന്റിവ് ഓഫീസർ എസ്. സിഞ്ചു, കമീഷണർ സ്ക്വാഡ് അംഗം അരുൺ കുമാർ, കുറ്റിപ്പുറം റെയ്ഞ്ചിലെ സി.ഇ.ഒമാരായ എ.വി. ലെനിൻ, ടി. ഗിരീഷ്, പട്ടാമ്പി റെയ്ഞ്ച് സി.ഇ.ഒമാരായ മനോഹരൻ, റായ്, തൃത്താല റെയ്ഞ്ച് സി.ഇ.ഒ പൊന്നുവാവ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments