തൃശൂർ: തൃശൂർ കുട്ടനെല്ലൂരിലെ കാർ ഷോറൂമിൽ വൻ തീപിടുത്തം. മൂന്ന് ആഢംബര കാറും കെട്ടിടവും പൂർണമായും കത്തി നശിച്ചു. മൂന്ന് കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ ആറ് മണിക്കാണ് സംഭവം. ഹൈസണ്‍ മോട്ടോഴ്സിന്‍റെ കുട്ടനെല്ലൂരിലെ രണ്ട് നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. പിൻഭാഗത്ത് സർവീസ് നടത്തുന്ന സ്ഥലത്താണ് ആദ്യം പുക ഉയർന്നത്. സുരക്ഷ ജീവനക്കാരൻ ഉടനെ ഫയർഫോഴ്സിനെ അറിയിച്ചു. തൃശൂർ ജില്ലയിലെ ഏഴ് ഫയർഫോഴ്സ് യൂണിറ്റുകൾ ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്.
കാർ ഷോറൂമിലും സർവീസ് സെന്ററിലും ഉണ്ടായിരുന്ന കുറച്ച് വാഹനങ്ങൾ പെട്ടെന്ന് നീക്കാൻ സാധിച്ചു. തീപിടുത്തത്തിൽ മൂന്ന് ജീപ്പ് കോമ്പസ് വാഹനവും, ഇരുനില കെട്ടിടവും പൂർണ്ണമായും കത്തിയമർന്നു. തീ ആളിപ്പടർന്നതോടെ ഷോറൂമിന്‍റെ ചില്ലുകൾ പൊട്ടിത്തെറിച്ചു. പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തകര ഷീറ്റുകൾക്കും, ഓയിൽ കാനുകൾക്കും തീപിടിച്ചതാണ് ആളിക്കത്താൻ കാരണം.
കെട്ടിടത്തിൽ അഗ്നിരക്ഷാ പ്രതിരോധ ഉപകരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പിൻവശത്ത് കാലിയായ ഓയിൽ ടിന്നുകൾ കൂട്ടിയിട്ടിരുന്നതിന് തീപിടിച്ച്, മറ്റിടങ്ങളിലേക്ക് പടർന്നതാകാമെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം.
Post Your Comments