തൃശ്ശൂര്‍: വയറു വേദനയെ തുടർന്ന് ജയലധികൃതരെ വട്ടംകറക്കി റിമാൻഡ് പ്രതി. കോടതിയിൽ ഹാജരാക്കിയ ശേഷം വിയ്യൂർ ജയിലിലേക്ക് തിരിച്ചുകൊണ്ടുവന്ന റിമാൻഡ് തടവുകാരൻ ആണ് മണിക്കൂറുകളോളം ജയലധികൃതരെ പ്രശ്‌നത്തില്‍ ആക്കിയത്. വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ തടവുകാരനായ പത്തനംതിട്ട തിരുവല്ല സ്വദേശി സൂരജിനെ ഇന്നലെ രാവിലെയാണ് ചാലക്കുടി കോടതിയിൽ കൊണ്ടു പോയത്. എന്നാൽ, കോടതിയിൽ നിന്നും തിരിച്ചെത്തിയ ശേഷം അസ്വസ്ഥനായി കാണപ്പെട്ടതിനെ തുടര്‍ന്ന് സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറു വേദന മൂലം ബുദ്ധിമുട്ടിയ ഇയാളെ പരിശോധനയ്ക്ക് ശേഷം പിന്നീട് എക്സറേ എടുത്തപ്പോൾ പ്രതിയുടെ മലദ്വാരത്തിനുള്ളിൽ കവറിൽ പൊതിഞ്ഞ് എന്തോ കടത്താൻ ശ്രമിച്ചതായി കണ്ടെത്തുകയായിരുന്നു. മലദ്വാരത്തിൽ എന്തോ തിരുകി കയറ്റിവച്ചതായി കണ്ടതോടെ സൂരജിനെ അടിയന്തിരമായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശം നൽകി. മയക്കുമരുന്നോ മൊബൈൽ ഫോണോ ആണ് ഉള്ളിലെന്നായിരുന്നു എല്ലാവരുടെയും സംശയം.
മരുന്ന് നൽകി ഉള്ളിലുള്ള സാധനം പുറത്തുവരാൻ ജയിൽ ഉദ്യോഗസ്ഥർ കാത്തിരുന്നു. മൂന്ന് മണിക്കൂർ കാത്തിരിപ്പിനൊടുവിലാണ് സാധനം പുറത്തുവന്നത്. ഇൻസുലേഷൻ ടേപ്പ് ചുറ്റിപ്പൊതിഞ്ഞ നിലയിൽ ഒരു കെട്ട് ബീഡി ആയിരുന്നു ഇത്. നേരത്തെ മുന്നിൽ പോയ മറ്റൊരു തടവുകാരൻ മൊബൈൽ ഇതുപോലെെ കടത്തുന്നത് കണ്ടാണ് താൻ ബീഡി മലദ്വാരത്തിൽ കടത്തിയതെന്നാണ് സൂരജിന്‍റെ മൊഴി. പ്രാഥമിക ചികിത്സക്ക് ശേഷം സൂരജിനെ ജയിലിലേക്ക് തിരിച്ചുകൊണ്ടുപോയി.
വധശ്രമം, മോഷണം തുടങ്ങിയ കേസുകളിൽപ്പെട്ട ഇയാൾ, മാള പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആറ് മാസത്തിലധികമായി ജയിലിൽ കഴിയുന്നത്.
Post Your Comments