ചെന്നൈ: അടുത്ത വർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് വിജയിച്ചാൽ ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ പ്രധാനമന്ത്രിയാകാൻ സാധ്യതയുണ്ടെന്ന് ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. സ്റ്റാലിന്റെ എഴുപതാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈയിൽ നടന്ന പൊതുചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റാലിൻ ഇന്ത്യയുടെ പ്രതീക്ഷയാണെന്നും ദേശീയ രാഷ്ട്രീയത്തിൽ നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചു നിന്ന് വിജയിച്ചാല്‍, രാജ്യത്തെ നയിക്കാന്‍ ആര്‍ക്കാണ് യോഗ്യതയെന്ന് ആ സമയത്ത് തീരുമാനമെടുക്കാം എന്നും അദ്ദേഹം പറഞ്ഞു. എംകെ സ്റ്റാലിനും ഡിഎംകെയും നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കാന്‍ ഡിഎംകെ പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ നാനാത്വം സംരക്ഷിക്കപ്പെടുമ്പോൾ ഏകത്വം സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തെയും ദേശീയ ഐക്യത്തെയും പരിപോഷിപ്പിക്കുന്നതിൽ തമിഴ്‌നാട്ടിലെ ഭരണകക്ഷി മികച്ച പ്രകടനം കാഴ്ചവച്ചു. പ്രതിപക്ഷ പാർട്ടികൾ ഒറ്റ മുന്നണിയായി പ്രവർത്തിക്കണമെന്നും അബ്ദുള്ള ആഹ്വാനം ചെയ്തു. പ്രതിപക്ഷത്തെ ഒന്നിച്ച് കൊണ്ടു വരുന്നതില്‍ സ്റ്റാലിന്‍ പങ്കുവഹിച്ചിട്ടുണ്ടെന്നും അത് തുടര്‍ന്നു കൊണ്ടു പോകാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments