കോഴിക്കോട്: വനിതാ ഡോക്ടറെ മെയിൽ നേഴ്‌സ് പീഡിപ്പിച്ചതായി പോലീസിൽ പരാതി. കോഴിക്കോടാണ് സംഭവം. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ യുവതിയാണ് പീഡനത്തിന് ഇരയായത്. നഴ്സായ തൃശൂർ സ്വദേശി നിഷാം ബാബു എന്നയാൾ ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് പരാതി. കഴിഞ്ഞ വർഷം ഡിസംബർ 30 ന് നടന്ന സംഭവത്തിൽ യുവതി കസബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതിയും പ്രതി നിഷാമും ജോലി ചെയ്തിരുന്നത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ മെച്ചപ്പെട്ട ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞാണ് ഇയാൾ യുവതിയുമായി ബന്ധം സ്ഥാപിച്ചത്. കോയമ്പത്തൂരിലേക്കു കൊണ്ടുപോകാനെന്ന വ്യാജേന കോഴിക്കോട്ട് എത്തിച്ച് സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത ശേഷമായിരുന്നു പീഡനം.
തുടർന്ന് യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പല ഹോട്ടലുകളിൽ കൊണ്ടുപോയി 5 തവണ പീഡനത്തിനിരയാക്കിയെന്നും പരാതിയിൽ പറയുന്നു. ഒടുവിൽ കെണിയിൽ അകപ്പെട്ടെന്ന് മനസിലാക്കിയ യുവതി ഇയാളുടെ ഫോൺനമ്പർ ബ്ലോക്ക് ചെയ്ത് രക്ഷപ്പെടുകയായിരുന്നു.
എന്നാൽ, പ്രതികാരമായി ഡോക്ടറുടെ നഗ്നചിത്രങ്ങൾ പ്രതി നിഷാം ബാബു സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് യുവതി കോഴിക്കോട് കസബ പൊലീസിൽ പരാതി നൽകിയത്. പിന്നീട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് ഉടനുണ്ടാവുമെന്ന് പോലീസ് പറഞ്ഞു.
Post Your Comments