പുൽവാമ: ദക്ഷിണ കശ്മീരിലെ പുൽവാമയിൽ അടുത്തിടെ കശ്മീരി പണ്ഡിറ്റിനെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പിഡിപി നേതാവ് മെഹ്ബൂബ മുഫ്ത. താഴ്‌വരയിൽ നിന്ന് തീവ്രവാദം തുടച്ചുനീക്കിയെന്ന് അവകാശപ്പെട്ട കേന്ദ്രത്തോട് ഒരു ചോദ്യം, എങ്കിൽ പിന്നെ സഞ്ജയ് ശർമ്മയെ കൊലപ്പെടുത്തിയത് ആരാണ് എന്നാണ് മെഹ്ബൂബ ചോദിക്കുന്നത്. പ്രാദേശിക മാർക്കറ്റിലേക്ക് പോകുമ്പോൾ ഭീകരർ വെടിവച്ചുകൊന്ന സെക്യൂരിറ്റി ഗാർഡായ സഞ്ജയ് ശർമയുടെ കുടുംബത്തെ നേരിൽ കണ്ടശേഷമായിരുന്നു മെഹ്ബൂബയുടെ പ്രതികരണം.
സഞ്ജയ് ശർമ്മയുടെ മൂന്ന് മക്കൾക്കും 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും മുഫ്തി ആവശ്യപ്പെട്ടു. സഞ്ജയ് ശർമ്മയുടെ കൊലപാതകത്തിൽ എല്ലാവരും ലജ്ജിക്കുന്നുവെന്നും അതേസമയം തീവ്രവാദം ഇല്ലാതാക്കുന്നതിന്റെ പേരിൽ സർക്കാർ മുസ്ലീങ്ങൾക്കെതിരെയുള്ള അടിച്ചമർത്തലുകൾക്ക് ആണ് പ്രാധാന്യം നൽകിയതെന്നും മുഫ്തി ആരോപിച്ചു.
‘എല്ലാവരും [പ്രത്യേകിച്ച് മുസ്ലീങ്ങൾ] സംഭവത്തിൽ ലജ്ജിക്കുന്നു. ഞങ്ങൾ ജമ്മു കശ്മീരിലെ മുസ്ലീങ്ങളാണ്, 1947-ൽ രാജ്യത്തുടനീളം ഹിന്ദു-മുസ്ലിം കലാപങ്ങൾ നടക്കുമ്പോൾ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും സിഖുകളെയും എല്ലാവരെയും ഞങ്ങൾ രക്ഷിച്ചു. ഇന്ന് മുസ്ലീങ്ങൾ തന്നെ ഇവിടെ കുഴപ്പത്തിലാണ്. ഒരു വശത്ത്, തീവ്രവാദത്തിന്റെ പേരിൽ സർക്കാർ നമ്മുടെ ആയിരക്കണക്കിന് ആളുകളെ ജയിലുകളിൽ അടയ്ക്കുന്നു, ഞങ്ങളുടെ വീടുകൾ അറ്റാച്ച് ചെയ്യുന്നു, NIA-ED റെയ്ഡുകൾ നടത്തുന്നു, തീവ്രവാദ ഫണ്ടിംഗിന്റെയും തീവ്രവാദത്തിന്റെയും പേരിൽ ആയിരക്കണക്കിന് ആളുകളെ ജയിലിലടയ്ക്കുന്നു. ഇന്ന് തീവ്രവാദം അവസാനിച്ചുവെന്ന് ഞങ്ങളോട് പറയുന്നു. തീവ്രവാദം അവസാനിപ്പിച്ചെങ്കിൽ പിന്നെ ആരാണ് അദ്ദേഹത്തെ [സഞ്ജയ് ശർമ്മയെ] കൊന്നത്?’, മുഫ്തി ചോദിച്ചു.
Post Your Comments