കണ്ണൂർ: കാൻസർ ബാധിതനാണെന്ന് അറിഞ്ഞിട്ടും തളരാതെയാണ് കോടിയേരി ബാലകൃഷ്ണൻ പിടിച്ച് നിന്നതെന്ന് ഭാര്യ വിനോദിനി ബാലകൃഷ്ണൻ. കാൻസർ ആണെന്ന് അറിഞ്ഞത് മുതൽ തനിക്ക് കൂടി ധൈര്യം തന്നത് കോടിയേരി ആയിരുന്നുവെന്ന് വിനോദിനി ഓർത്തെടുക്കുന്നു. കോടിയേരിയുടെ അവസാന നിമിഷങ്ങളെ കുറിച്ച് കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ആണ് വിനോദിനി ബാലകൃഷ്‌ണൻ തുറന്നു പറഞ്ഞത്. കോടിയേരിക്ക് കാൻസർ പടർന്നതായിരുന്നില്ല, കീമോ ചെയ്ത് ചെയ്ത് അത് ശരീരത്തിലെ മറ്റ് അവയവങ്ങളെ കൂടി ബാധിക്കുകയായിരുന്നുവെന്ന് വിനോദിനി പറയുന്നു.
‘അമ്മയെയും മക്കളെയും കൊണ്ടാണ് കോടിയേരി ഏറ്റവും അധികം വിഷമിച്ചിട്ടുള്ളത് എന്ന് വിമർശകർ പറഞ്ഞു. അത് അങ്ങനെയല്ല, അദ്ദേഹം ഏറ്റവും സന്തോഷിച്ചിട്ടുള്ളത് ഞങ്ങളെ ഓർത്താണ്. പാർട്ടിക്ക് വേണ്ടി ജീവിച്ചിരുന്ന മനുഷ്യനാണ്. വീട്ടിൽ വന്ന് കയറിയാൽ വീട്ടിലെ ആളായിരിക്കും. അവസാന നിമിഷം ഞങ്ങൾ എല്ലാവരും അദ്ദേഹത്തിന്റെ അടുത്തുണ്ടായിരുന്നു. ബിനോയുടെ ഭാര്യ മാത്രം നാട്ടിലേക്ക് ജോലിയുടെ ആവശ്യത്തിനായി മടങ്ങിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹവും തമ്മിൽ പ്രത്യേക അടുപ്പമുണ്ടായിരുന്നു. എനിക്ക് ബാലകൃഷ്‌ണേട്ടനെ എന്റെ എട്ടാം ക്ലാസ് മുതൽക്കേ അറിയാം. പിന്നെ, കോളേജിൽ പഠിക്കുന്ന സമയം ഞാൻ എസ്.എഫ്.ഐയിൽ ഉണ്ടായിരുന്നു. ആ അടുപ്പം അങ്ങനെ വലുതായി. അദ്ദേഹം നല്ലൊരു ഭർത്താവും സുഹൃത്തുമായിരുന്നു. നല്ല നേതാവായിരുന്നു, നല്ല മനുഷ്യനായിരുന്നു. ഒരുപാട് വേട്ടയാടപ്പെട്ടിട്ടുണ്ട്. ഒരു മനുഷ്യജീവിതത്തിൽ സഹിക്കാൻ പറ്റുന്നതിലും അപ്പുറം സഹിച്ചു. ഏത് കാലത്ത് തുടങ്ങിയ വേട്ടയാടൽ ആണ്. ബിനീഷിനെ മയക്കുമരുന്ന് കേസിലെ പ്രതിയെന്നാണ് ഇപ്പോഴും പറയുന്നത്. ആ കുട്ടിയെ ഒരിക്കലും അങ്ങനെ ആക്കിയിട്ടില്ല. ബിനോയുടെ കേസും തീർന്നെന്ന് പറയുന്നു, എനിക്കിതൊന്നും അറിയില്ല’, വിനോദിനി പറയുന്നു.
Post Your Comments