ചവറ: നിര്‍മാണത്തിലിരുന്ന വീടിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര ഇടിഞ്ഞ് വീണ് നിര്‍മാണ തൊഴിലാളി മരിച്ചു. പന്മന കോലം പുലത്തറയില്‍ നിസാര്‍ (42) ആണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്നലെ രാവിലെ പത്തോടെയാണ് അപകടം നടന്നത്. കൂടെ ജോലി ചെയ്ത് കൊണ്ടിരുന്ന ആസാം സ്വദേശിയായ ജാക്കിര്‍ ഹുസൈന്(37)ആണ് പരിക്കേറ്റത്. വീടിന്റെ കോണ്‍ക്രീറ്റ് കൂരയുടെ തട്ടടിച്ച പലക ഇളക്കി മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്. മേല്‍ക്കൂരയുടെ പലക ഇളക്കുന്നതിനിടയില്‍ ഒരു ഭാഗത്തെ തട്ട് ഇളകി വീണു. തുടര്‍ന്ന് കോണ്‍ക്രീറ്റ് മേൽക്കൂര പൂർണമായും ഇളകി വീഴുകയായിരുന്നു. നിസാര്‍ ഇതിനടിയില്പ്പെടുകയുമായിരുന്നു.
വലിയ ശബ്ദം കേട്ട് സമീപത്തുള്ളവര്‍ ഓടിയെത്തി രക്ഷാ പ്രവര്‍ത്തനം നടത്താന്‍ നോക്കിയെങ്കിലും സാധിച്ചില്ല. സംഭവം അറിഞ്ഞ് ചവറ പൊലീസും ചവറ അഗ്നി രക്ഷാ സേനയും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ, നിസാറിന്റെ ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ പരിക്കേറ്റ ജാക്കിര്‍ ഹുസൈനെ ആദ്യം ചവറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നടത്തിയ ശേഷം വിദഗ്ധ ചികിത്സക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കെട്ടിട നിർമാണത്തിൽ എന്തെങ്കിലും അപാകതകൾ ഉണ്ടോ എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കൊണ്ട് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
ചവറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ നിന്നുമുള്ള ഫയർഫോഴ്സ് സംഘവും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. നിസാറിന്റെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന്, മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മരിച്ച നിസാറിന്റെ ഭാര്യ റഹിയാനത്ത്. മക്കള്‍ : ബിലാല്‍, ഫാത്തിമ.
Post Your Comments