കൊച്ചി: ടി.വി പ്രോഗ്രാമുകളിലൂടെ ജനകീയ താരമായി മാറിയ നടിയും അവതാരകയുമായ സുബി സുരേഷിന്റെ വേർപാട് വിശ്വസിക്കാനാകാതെ കേരളക്കര. ഒരേസമയം, കുട്ടികളുടെയും യുവാക്കളുടെയും കുടുംബ പ്രേക്ഷകരുടെയും പ്രിയതാരമായിരുന്നു സുബി. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന സുബി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണമടഞ്ഞത്. 42 വയസ്സായിരുന്നു.
സിനിമയിലും ടി.വി പരിപാടികളിലും കാണികളെ ചരിപ്പിച്ച കലാകാരിയുടെ വേർപാടിൽ ഉറ്റവരും സഹപ്രവർത്തകരും ഞെട്ടിയിരിക്കുകയാണ്. സന്തോഷകരമായിരുന്ന ജീവിതത്തിൽ കരൾ രോഗമാണ് വില്ലനായത്. സ്ത്രീകൾ അധികം കടന്നു ചെല്ലാതിരുന്ന, പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന മിമിക്രി മേഖലയിലേക്ക് ചേക്കേറി കാണികളുടെ കൈയ്യടി വാങ്ങി താരമായ സുബി പിന്നീട് മിനി സ്ക്രീനിലെ സ്ഥിര സാന്നിധ്യമായിരുന്നു.
കരളിന് ബാധിച്ച രോഗമാണ് സുബിയെ തളർത്തിയത്. വിവാഹം ഏകദേശം ഉറപ്പിച്ചിരുന്ന സമയത്താണ് അപ്രതീക്ഷിത വേർപാട്. സിനിമാല എന്ന പരുപാടിയിലൂടെയാണ് സുബി കേരളക്കരയുടെ മനസിലേക്ക് ഇടിച്ച് കയറിയത്. നിരവധി സിനിമകളില്‍ അഭിനയിച്ചു. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. അടുത്ത കാലത്തായി യൂട്യൂബില്‍ അടക്കം സജീവമായിരുന്നു സുബി. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന, കൊച്ചുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടി വളരെ ജനപ്രിയമായിരുന്നു. പഞ്ചവര്‍ണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥന്‍, കില്ലാഡി രാമന്‍, ലക്കി ജോക്കേഴ്‌സ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, തസ്‌കര ലഹള, ഹാപ്പി ഹസ്ബന്‍ഡ്‌സ്, ഡിറ്റക്ടീവ്, ഡോള്‍സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Post Your Comments