ആലുവ: പൊതുഇടത്തിൽ വെച്ച് ജോലി ചെയ്യുന്നതിനിടെ തന്നെ ഓട്ടോ തൊഴിലാളികൾ സംഘം ചേർന്ന് മർദ്ദിച്ചുവെന്ന് പരാതി നൽകിയ യൂട്യൂബ് അവതാരക വിശദീകരണവുമായി വീണ്ടും രംഗത്ത്. പരാതി വ്യാജമാണെന്ന് പറഞ്ഞ ഓട്ടോ തൊഴിലാളികൾക്ക് മറുപടിയുമായിട്ടാണ് അവതാരക രംഗത്ത് വന്നിരിക്കുന്നത്. താൻ ചെയ്തത് തന്റെ ജോലിയാണെന്നും, തന്റെ ജോലി സ്ഥലത്തേക്ക് ഇടിച്ചുകയറി പ്രശ്നമുണ്ടാക്കിയത് ഓട്ടോ തൊഴിലാളികൾ ആണെന്നും അവതാരക പറയുന്നു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവതാരക.
ദ്വയാർത്ഥമുള്ള ചോദ്യങ്ങൾ ചോദിക്കരുത് എന്ന് ഇന്ത്യൻ പീനൽ കോഡിൽ എഴുതിയിട്ടില്ലല്ലോ, ദ്വയാർത്ഥമുള്ള ചോദ്യം ചോദിക്കുന്നത് നിയമപരമായി തെറ്റല്ലെന്നും അവതാരക പറയുന്നു. പ്രായപൂർത്തിയായവരോട് മാത്രമാണ് തങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നത്. ചാനൽ പരിപാടികളിൽ റിമി ടോമി അടക്കമുള്ളവർ ചോദിക്കുന്ന കുസൃതി ചോദ്യങ്ങളാണ് തങ്ങളും ചോദിക്കുന്നതെന്ന് അവതാരക വിശദീകരിക്കുന്നു. റിമി ടോമി ചോദിക്കുമ്പോൾ കൈയടിയും, ഞങ്ങൾ ചോദിക്കുമ്പോൾ തെറിവിളിയും, ഇത് ശരിയാണോ എന്നും ഇവർ ചോദിക്കുന്നു.
‘അവർ പറഞ്ഞ വിഷയവുമായി ബന്ധപ്പെട്ട് ഒരു ചോദ്യവും അന്ന് ഞങ്ങൾ ചോദിച്ചിട്ടില്ല. നിങ്ങൾ പറയുന്ന ദ്വയാർത്ഥം ഞങ്ങൾക്ക് കുസൃതി ചോദ്യങ്ങളാണ്. ഇവിടെയുള്ള കുസൃതി ചോദ്യങ്ങളെല്ലാം അഡൾട്ട് കോമഡിയാണ്. ഫൺ ആണ്. അതിനെ അങ്ങനെ കാണാൻ കഴിയാത്ത ആളുകൾ നാട്ടിൽ ഉണ്ടെന്നത് ഞങ്ങളുടെ പ്രശ്നമല്ല. ഇവരീ പറയുന്ന സംസ്കാരം എന്താണ്?. ഇത്രയും സംസ്കാരമുള്ള ആ ഓട്ടോക്കാരുടെ വായിൽ നിന്ന് വീഴുന്നത് അസഭ്യങ്ങളാണ്. ആവിഷ്കാര സ്വാതന്ത്ര്യം തന്നെയാണ്. നിങ്ങളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാത്തിടത്തോളം കാലം ഞങ്ങളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നത് എന്തിനാണ്? സദാചാരം പറയുന്ന ഓട്ടോചേട്ടന്മാരെ അഭിനന്ദിക്കുന്നത് കാണുമ്പോൾ ഇത് ഇന്ത്യ തന്നെയാണോ എന്ന് സംശയമു’, യുവതി പറഞ്ഞു.
Post Your Comments