വിഴിഞ്ഞം: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ അയൽവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെണ്ണിയൂർ നെല്ലി വിളാകത്ത് വീട്ടിൽ സരേഷ് കുമാർ പ്രമീള ദമ്പതികളുടെ മകൾ അലന്യ (കല്ലു15) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. പെൺകുട്ടിയുടെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചു. മരിക്കുന്നതിന് തൊട്ടുമുമ്പുവരെ സന്തോഷത്തിലായിരുന്ന കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് അലന്യ. സംഭവ സമയം പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. കുട്ടിയുടെ രക്ഷിതാക്കൾ ബന്ധുവിന്റെ മരണ വീട്ടിൽ പോയിരിക്കുകയായിരുന്നു. പെൺകുട്ടിയെ അയൽവാസിയുടെ വീട്ടിൽ ആക്കിയ ശേഷമായിരുന്നു ഇരുവരും പോയത്. വൈകിട്ട് 6 മണിക്ക് വീട്ടിൽ പോയി ഭക്ഷണമെടുത്തിട്ട് വരാമെന്ന് പറഞ്ഞ് പോയ പെൺകുട്ടി നേരം കുറെ കഴിഞ്ഞിട്ടും തിരിച്ച് വന്നില്ല. ഇതോടെ, സംശയം തോന്നിയ ബന്ധു കുട്ടിയെ തേടി വീട്ടിലെത്തി.
വീട്ടിലെത്തിയപ്പോൾ കണ്ടത് തൂങ്ങിനിൽക്കുന്ന പെൺകുട്ടിയെ ആണ്. ഷീറ്റിട്ട വീട്ടിലെ സ്വീകരണ മുറിയിലെ ഇരുമ്പ് പൈപ്പിൽ ഷാളുകൊണ്ട് കുരുക്കിട്ട് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇത് കണ്ടതും ബന്ധു ബഹളം വെച്ച് ആളെ കൂട്ടി. മരിക്കുന്നതിന് തൊട്ടുമുൻപ് വരെ പെൺകുട്ടി സന്തോഷത്തിലായിരുന്നുവെന്നും, പെട്ടന്നുള്ള ആത്മഹത്യയുടെ കാരണം കണ്ടെത്തണമെന്നുമാണ് ബന്ധുക്കൾ പറയുന്നത്.
Post Your Comments